'എന്റെ അമ്മ'യുടെ അവതാരിക, അല്ലെങ്കിൽ തകഴിയുടെ രണ്ടു പല്ല്

'എന്റെ അമ്മ'യുടെ അവതാരിക, അല്ലെങ്കിൽ തകഴിയുടെ രണ്ടു പല്ല്
............
വ്യത്യസ്തനായ രാഷ്ട്രീയ നേതാവ് ആയിരുന്നു എൻ. ശ്രീകണ്ഠൻ നായർ. കേരള രാഷ്‌ടീയത്തിൽ ഒരു കാലത്തു നിറഞ്ഞു നിന്ന ഈ കരുത്തനായ നേതാവ് മികച്ച എഴുത്തുകാരനും വാഗ്മിയും സംഘാടകനും പാർലമെൻറ് അംഗവും ഒക്കെയായിരുന്നു. ആറടിയിലേറെ പൊക്കമുള്ള ആജാനു ബാഹു. പിരിച്ചു വച്ച കൊമ്പൻ മീശ. മുഖത്ത് നിസ്സംഗത. കാണുന്ന ആർക്കും പേടി തോന്നുന്ന രൂപം. പക്ഷെ അകമേ കുട്ടികളുടെ നൈർമല്യം. എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം ഏറെയൊന്നും ചെയ്തിട്ടില്ല. പക്ഷെ ഉള്ള കൃതികൾ മികച്ച വായനാനുഭവം നൽകുന്നവയാണ്. തകഴിശിവശങ്കരപ്പിള്ളയുടെ ബൃഹദ് നോവൽ 'കയർ' കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത് ശ്രീകണ്ഠൻ നായർ ആണ്.
തകഴിയും ശ്രീകണ്ഠൻ നായരും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു. ശ്രീകണ്ഠൻ നായരുടെ ജീവിതത്തെ ഏറ്റവും അധികം സ്വാധീനിച്ചത് സ്വന്തം അമ്മയായിരുന്നു. 'അമ്മ മരിച്ചതിനു ശേഷം അമ്മയെപ്പറ്റിയുള്ള ഓർമ്മകൾ 'എന്റെ 'അമ്മ' എന്ന പേരിൽ പുസ്തകം ആക്കുവാൻ അദ്ദേഹം തീരുമാനിച്ചു. കയ്യെഴുത്തു പ്രതി പൂർത്തിയായി. അവതാരിക എഴുതുന്നത് ആരാണെന്ന കാര്യത്തിൽ സംശയം ഇല്ലായിരുന്നു - തകഴിയെത്തന്നെ ഏൽപ്പിച്ചു.
പ്രസിദ്ധീകരണത്തീയതി അടുത്തു വന്നു. എന്നിട്ടും തകഴിയ്ക്ക് അനക്കം ഒന്നും ഇല്ല. പല പ്രാവശ്യം ശ്രീകണ്ഠൻ നായർ ഓർമ്മിപ്പിച്ചു, ഇത്തരം കാര്യങ്ങളിൽ ഉഴപ്പിന്റെ ഉസ്താദ് ആയിരുന്ന തകഴിക്ക് അവതാരിക എഴുതാൻ കഴിഞ്ഞില്ല. ശ്രീകണ്ഠൻ നായരുടെ ക്ഷമ നശിച്ചു. അക്കാലത്തു ആർ എസ്പി എന്നാൽ ശ്രീകണ്ഠൻ നായർ ആണ്. സർ സി പിയെ വെട്ടിയ കെ സി എസ് മണി മുതലായ ഒരുപാട് ജഗജില്ലികൾ അന്ന് ശ്രീകണ്ഠൻ നായരുടെ അനുയായികളാണ്.
അവതാരിക കിട്ടാതായപ്പോൾ ശ്രീകണ്ഠൻ നായർ മണിയെ വരുത്തി. ചെലവിനുള്ള കാശും കൊടുത്ത് അമ്പലപ്പുഴയ്ക്കു വിട്ടു. തകഴിയെ കാണണം. ഒന്നുകിൽ അവതാരിക അല്ലെങ്കിൽ തകഴിയുടെ രണ്ടു പല്ല്, ഇവയിൽ ഏതെങ്കിലും കൊണ്ടേ തിരിച്ചു വരാവൂ എന്ന് സുഗ്രീവാജ്ഞയും നൽകി.
തിരുവിതാംകൂർ ദിവാൻ ആയിരുന്ന സി പി രാമസ്വാമിയെ വെട്ടിയ കെ സി എസ് മണിക്ക് തകഴിയുടെ രണ്ടു പല്ല് വെറും 'ചീള്' കേസ്.
കെ സി എസ് മണി നേരെ അമ്പലപ്പുഴയിലെത്തി. അന്ന് അമ്പലപ്പുഴകോടതിയിലെ വക്കീൽ ആണ് തകഴി. കോടതി പരിസരത്തു വച്ച് തന്നെ തകഴിയേ കിട്ടി. കാപ്പി കുടിക്കാൻ തകഴി ക്ഷണിച്ചെങ്കിലും മണി വഴങ്ങിയില്ല. ശ്രീകണ്ഠൻ നായരുടെ ആവശ്യം മണി പറഞ്ഞു. പലതരത്തിലും മണിയെ അനുനയിപ്പിക്കാൻ തകഴി ശ്രമിച്ചു. ശ്രീകണ്ഠൻ നായരുടെ ആജ്ഞയെ ധിക്കരിക്കുന്ന ഒന്നും താൻ ചെയ്യില്ല -
രണ്ടിന് പകരം തകഴിയുടെ നാലു പല്ലും കൊണ്ടേ മണി പോകൂ എന്ന ഘട്ടമെത്തിയപ്പോൾ തകഴി അടുത്തുള്ള ഒരു ചായക്കടയിൽ കയറി ഇരുന്നു. കക്ഷികളാരോ പരാതി തയ്യാറാക്കാൻ കൊടുത്ത കടലാസ് തകഴിയുടെ കയ്യിൽ ഉണ്ടായിരുന്നു. അത് നിവർത്തിവച്ചു തകഴി എഴുതിത്തുടങ്ങി. ഒരു മണിക്കൂർ കൊണ്ട് തകഴി അവതാരിക എഴുതിക്കൊടുത്തു. വിജയശ്രീലാളിതനായി കെ സി എസ് മണി അവതാരികയും കൊണ്ട് ശ്രീകണ്ഠൻ നായരുടെ അടുത്തെത്തി.
മലയാളത്തിലെ ഏറ്റവും മികച്ച ആത്മകഥനങ്ങളിൽ ഒന്നാണ് എൻ ശ്രീകണ്ഠൻ നായരുടെ 'എന്റെ അമ്മ

Comments

Popular posts from this blog

പി ടി ഭാസ്കരപ്പണിക്കരെ ഓർക്കുമ്പോൾ

കർണാടകത്തിൽ കരിമ്പുരാഷ്ട്രീയം കയ്ക്കുന്നു.

പുകയില ഉപയോഗം : ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണകാരണം