പി ടി ഭാസ്കരപ്പണിക്കരെ ഓർക്കുമ്പോൾ
പി ടി ഭാസ്കരപ്പണിക്കർ ഓർമ്മയായിട്ട്
ഈ ഡിസംബർ 30ന് 22 വർഷം തികയുന്നു
'കേരളത്തിലെ ചുവപ്പിന്റെ സ്നാപകയോഹന്നാൻ ' എന്ന് പി ടി ഭാസ്കരപ്പണിക്കരെ വിശേഷിപ്പിക്കാറുണ്ട്. കാരണം കേരളസംസ്ഥാനരൂപീകരണത്തിനു ശേഷം 1957ലെ ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ രൂപീകരണത്തിനു മുമ്പുതന്നെ തെരെഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് ഭരണാധികാരി അദ്ദേഹം ആയിരുന്നു. കേരളസംസ്ഥാനം രൂപം കൊള്ളുന്നതിനു രണ്ടു വർഷം മുമ്പ് 1954 ൽ നടന്ന മലബാർ ഡിസ്ട്രിക്ട് ബോർഡ് തെരെഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റവും കൂടുതൽ സീറ്റുകളിൽ വിജയിക്കുകയും പി ടി ഭാസ്ക്കരപ്പണിക്കർ ബോർഡ് പ്രസിഡന്റ് ആവുകയും ചെയ്തു . വലിയ ഒറ്റക്കക്ഷി ആയിരുന്നെങ്കിലും ഒറ്റയ്ക്കു ഭരിക്കുവാനുള്ള ഭൂരിപക്ഷം ഇല്ലായിരുന്നു. പക്ഷെ മറ്റു കക്ഷികളുമായി സമവായം ഉണ്ടാക്കി ഭരണം നന്നായി മുന്നോട്ടു കൊണ്ടുപോകാൻ പി ടി ബിക്കു കഴിഞ്ഞു. 'ഭരണ - പ്രതിപക്ഷസഹകരണം ശക്തിപ്പെടുത്തുകയാണ് ഭാസ്കരപ്പണിക്കരെ ആദരിക്കാനുള്ള ഇന്നത്തെ മാർഗം എന്നു ഞാൻ കരുതുന്നു' എന്ന് ഈ എം എസ് നമ്പൂതിരിപ്പാട് ഒരു അനുസ്മരണത്തിൽ പ്രസ്താവിച്ചിട്ടുണ്ട്..
കേരളത്തിലെ വിദ്യാഭ്യാസരംഗത്തു വന്ന വലിയ മാറ്റങ്ങൾക്ക് അടിത്തറയിട്ടത് പി ടി ബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പി ടി ഭാസ്കരപ്പണിക്കരുടെ നേതൃത്വത്തി ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് 1954 മുതൽ 1957 വരെ നടത്തിയ പ്രവർത്തനങ്ങൾ ആയിരുന്നു. ഇന്നത്തെ കേരളത്തിന്റെ പകുതിയിലേറെയുള്ള മലബാർ ജില്ലയിൽ ഭരണം ജനകീയമാക്കിക്കൊണ്ടു അദ്ദേഹം തന്റെ നേതൃത്വപാടവവും സംഘാടകമികവും തെളിയിച്ചു. അറിവിന്റെയും ആത്മാർത്ഥതയുടെയും ആൾരൂപമായിരുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിന്റെ രാഷ്ട്രീയ -സാംസ്കാരിക-സാമൂഹ്യ-ശാസ്ത്ര-വി ജ്ഞാന -വിദ്യാഭ്യാസ രംഗങ്ങളെയാകെ അനിഷേധ്യമായ തരത്തിൽ സ്വാധീനിച്ചിട്ടുണ്ട്. സംസ്ഥാനരൂപീകരണത്തിനു ശേഷം നടന്ന ആദ്യതെരെഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ തെരെഞ്ഞെടുപ്പിൽ മലബാർ മേഖലയിൽ പാർട്ടിക്ക് വൻ വിജയമുണ്ടാക്കുവാൻ കഴിഞ്ഞത് മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് എന്ന നിലയ്ക്കുള്ളപി ടി ഭാസ്കരപ്പണിക്കരുടെ ഭരണപാടവവും ജനകീയപ്രവർത്തനങ്ങളും സംഘടകശേഷിയും മൂലം ആയിരുന്നു
പി .ടി.ഭാസ്ക്കരപ്പണിക്കർ
(മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റ് ആയിരുന്നപ്പോൾ)
പ്രതിപക്ഷത്തിന്റെ പൂർണ സഹകരണത്തോടെ മികച്ച ജനകീയ ഭരണം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ജനജീവിതത്തിന്റെ ചെറിയ ഉൾത്തുടിപ്പുകൾ പോലും മനസ്സിലാക്കുവാനുള്ള സാമൂഹ്യാവബോധവും സംവേദക്ഷമതയും അവകാശബോധവും അദ്ദേഹത്തിനുണ്ടായിരുന്നു. ആയി രത്തിഅഞ്ഞൂറില്പരം സ്‌കൂളുകൾ മലബാർ ഡിസ്ട്രിക്‌ട് ബോർഡിന്റെ അധീനതയിൽ ഉണ്ടായിരുന്നു. പുതിയ സ്‌കൂളുകൾ സ്ഥാപിച്ചും, പഴയവ മെച്ചപ്പെടുത്തിയും കുഗ്രാമങ്ങളിൽ ഏകാധ്യാപക വിദ്യാലയങ്ങൾ സ്ഥാപിച്ചും അദ്ദേഹം വിദ്യാഭ്യാസ വിപ്ലവത്തിന് പുതിയ വഴികൾ ഒരുക്കി. സാക്ഷരതാ വിപ്ലവത്തിന് വഴിയൊരുക്കിയ ഏകാധ്യാപക വിദ്യാലയങ്ങൾ പിന്നീട് മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയായിട്ടുണ്ട്. ഏകാധ്യാപകവിദ്യാലയങ്ങൾ ഇല്ലായിരുന്നെങ്കിൽ മലയാള സാഹിത്യത്തിന് അതിന്റെ ക്ലാസ്സിക് നോവലു കളിൽ ഒന്നു ലഭിക്കില്ലായിരുന്നു. 'ഖസാക്കിന്റെ ഇതിഹാസം' രചിക്കപ്പെട്ടതിന്റെ നാൾവഴികൾ അങ്ങനെയാണ്. ഓ വി വിജയൻറെ പെങ്ങൾ ഓ വി ശാന്തയ്ക്കു ആദ്യമായി ജോലി കിട്ടുന്നത് തസ്രാക്ക് എന്ന പാലക്കാടൻ ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തിലായിരുന്നു. പെങ്ങളുടെയടുത്തു തസ്രാക്കിൽ കുറച്ചുനാൾ താമസിച്ച വിജയൻ തസ്രാക്കിനെ ഖസാക്ക് ആക്കി രവിയേയും അയാളുടെ അസ്‌തിത്വ പ്രതിസന്ധികളെയും അവിടെ പ്രതിഷ്ഠിക്കുകയാണുണ്ടായത്. പി ടി ഭാസ്കരപ്പണിക്കരും ഓ വി വിജയനും തമ്മിൽ വളരെ ആഴത്തിലുള്ള സൗഹൃദം ഉണ്ടായിരുന്നു. 'ഇൻക്വിലാബ് ഉള്ള എന്തെങ്കിലും വിജയൻ എഴുതണം' എന്ന് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു. വിജയൻ ചെയ്ത ആ 'ഇൻക്വിലാബ് ആണ് ഖസാക്കിന്റെ ഇതിഹാസം.
ഈ എം എസ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ വിദ്യാഭ്യാസമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിക്കപ്പെട്ടത് പി ടി ഭാസ്കരപ്പണിക്കർ ആയിരുന്നു. കേരളത്തിന്റെ പകുതിയും ഭരിച്ചിരുന്ന ഒരാൾ വിദ്യാഭ്യാസമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാവുക എന്ന പാർട്ടി നിയോഗം ഏറ്റെടുത്തത് പി ബിയുടെ ഉന്നതചിന്തയുടെയും ആത്മാർത്ഥതയുടെയും വിനയത്തിന്റെയും അധികാരദുർമോഹമി ഇല്ലായ്മയുടേയും തെളിവാണ്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുണ്ടശ്ശേരി അവതരിപ്പിച്ച ജനകീയ വിദ്യാഭ്യാസ ബില്ലിന്റെ ശില്‌പി പി ടി ബി ആയിരുന്നു. അധ്യാപകസമൂഹത്തിന് ആത്മാഭിമാ നവും അവകാശങ്ങളും നേടിക്കൊടുത്തത് ആ ബിൽ ആയിരുന്നു.
1922 ഒക്ടോബർ 15 ന് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂരിൽ കെ.എം.വി.നമ്പൂതിരി, കാവുകുട്ടിയമ്മ എന്നിവരുടെ മകനായി ജനിച്ചപി ടി ഭാസ്കരപ്പണിക്കർ ബിഎസ്‌സി, ബിടി എന്നിവ പാസായ ശേഷം രണ്ടുവർഷം സ്‌കൂൾ അധ്യാപകനായി ജോലി ചെയ്തു. ഇപ്പോഴത്തെ തൃശ്ശൂർ ജില്ലയിലെ പെരിഞ്ഞനത്ത് അധ്യാപകൻ ആയിരുന്ന പി ടി ഭാസ്കരപ്പണിക്കർ കേവലം ഒരു അധ്യാപകൻ മാത്രം ആയിരുന്നില്ല. രാത്രികളിൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിപ്രവർത്തകൾക്കു ക്‌ളാസ്സുകളെടുത്തു. ഒളിഞ്ഞും തെളിഞ്ഞും സംഘടനാപ് രവർത്തനങ്ങൾ നടത്തി. നിരോധിക്കപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സ്വാധീനം പി ടി ഭാസ്കരപ്പണിക്കർ കാരണം ആ പ്രദേശത്തും ചുറ്റുവട്ടങ്ങളിലും ജനങ്ങൾക്കി ടയിൽ വർധിച്ചു വന്നതിനാൽ ഭരണകൂടത്തിന് അദ്ദേഹം ഒരു തലവേദനയായിരുന്നു. സ്‌കൂളിൽ നിന്നുതന്നെ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. സാമൂതിരിയുടെ പടത്തലവന്മാരായിരുന്നധർമ്മോത്ത് പണിക്കർമാരുടെ കുടുംബത്തിൽപ്പെട്ട പി ടി ബിയെ കീഴ്പ്പെടുത്തുവാൻ പൊലീസിന് വളരെ പ്രയാസപ്പെടേണ്ടിവന്നു. കായികശക്തിയും അഭ്യാസബലവും അദ്ദേഹത്തിന് ഏറെ ഉണ്ടായിരുന്നു. വലപ്പാട് പോലീസ് സ്റ്റേഷൻ വരെ അദ്ദേഹത്തെ വലിച്ചിഴച്ചു മർദ്ദിച്ചുകൊണ്ടാണ് കൊണ്ടുപോയത്. പി ടി ബിയെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചു പാർട്ടി പ്രവർത്തകർ നടത്തിയ പ്രകടനത്തെ പോലീസ് മർദ്ദിച്ചൊതുക്കി. പ്രകടനത്തിന് നേതൃത്വം കൊടുത്ത സർദാർ ഗോപാലകൃഷ്ണനെ അതിക്രൂരമായി ലോക്കപ്പിലിട്ടു മർദ്ദിച്ചു കൊന്നു. അങ്ങനെയാണ് 1950 ജനുവരി 26 നു ആദ്യത്തെ റിപ്പബ്ലിക് ദിനത്തിൽത്തന്നെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു രക്തസാക്ഷിയുണ്ടായത്.
കേരളത്തിന്റെ വികസനത്തിന് ഏതാണ്ട് എല്ലാ മേഖലകളിലും ഇത്രയേറെ ശക്തവും ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുകയും അതേസമയം അധികാരരാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയും ചെയ്ത പി ടി ഭാസ്കരപ്പണിക്കാരെപ്പോലെയുള്ള പൊ തുപ്രവർത്തകർ കേരളത്തിൽ വിരളമാണ്. തെരെഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിൽ എത്രയോ തവണ അദ്ദേഹത്തിന് മന്ത്രി ആവാമായിരുന്നു! രാഷ്ട്രീയത്തിനും അപ്പുറം ഉള്ള ജനകീയ കാഴ്ചപ്പാട് അദ്ദേഹത്തിന്റെ പ്രവർത്തനമേഖലകളുടെ ചാലകശക്തിയായിരുന്നു. " മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന പ്രവർത്തനങ്ങൾ ആണ് മാതൃകാപരമായ രാഷ്ട്രീയ പ്രവർത്തനം. കേവല രാഷ്ട്രീയം എന്ന നിലയിലേക്ക് രാഷ്ട്രീയപ്രവർത്തനം ചുരുങ്ങിപ് പോകുന്ന പ്രവണത നാം കണ്ടുകൊണ്ടിരിക്കുന്നു. സാമൂഹ്യവും സാംസ്കാരികവും കായികവും സാഹിത്യപരവും സൃഷ്ടിപരവും ആയ കാര്യങ്ങൾ കൂട്ടിയിണക്കുന്ന സങ്കല്പം പി ടി ബി ഉയർത്തിപ്പിടിച്ചു" എന്ന് പി കെ വാസുദേവൻ നായർ നിരീക്ഷിച്ചിട്ടുണ്ട്.
കേരളത്തിൽ ശാസ്ത്രബോധം വളർത്തുന്നതിൽ ഈ മനുഷ്യൻ വലിയ പങ്കു വഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപക നേതാവ് പി ടി ബി ആയിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആദ്യസരൂപമായ ശാസ്ത്രസാഹിത്യ സമിതി 1957 ൽ ഒറ്റപ്പാലം ഹൈസ്‌കൂളിൽ വച്ച് ആദ്യ യോഗം ചേരുമ്പോൾ അതിന്റെ മുഖ്യസംഘാടകനും പ്രചോദകനും പി ടി ബി ആയിരുന്നു. ശാസ്ത്രാധ്യാപകനായി ആരംഭിച്ച അദ്ദേഹമാണ് ഇന്ത്യയിൽത്തന്നെ ഏറ്റവുമധികം ശാസ്ത്രഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളത്. ശാസ്ത്രഗതി, യുറീക്ക തുടങ്ങിയ പരിഷത്തിന്റെ മാസികകളുടെയും പുസ്തക നിരൂപണത്തിനു മാത്രമായയുണ്ടായിരുന്ന പുസ്തകലോകം എന്ന മാസികയുടെയും പത്രാധിപത്യ ചുമതല അദ്ദേഹത്തിനുണ്ടായിരുന്നു. "കേരളത്തിലെ ശാസ്ത്രപുരോഗതിയുടെയും സാംസ്കാരിക വളർച്ചയുടെയും ചരിത്രം പി ടി ബിയുടെജീവിതവുമായും സേവനവുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു".
മലയാളത്തിലെ ആദ്യത്തെ സമ്പൂർണ വിശ്വവിജ്ഞാനകോശത്തിന്റെ ചീഫ് എഡിറ്റർ അദ്ദേഹം ആയിരുന്നു. ശാത്ര വിജ്ഞാന നകോശം, ഭാരത വിജ്ഞാനകോശം, ദ്രാവിഡവിജ്ഞാനകോശം , ജീവചരിത്രകോശം, ബാലവിജ്ഞാനകോശം, അഖില വിജ്ഞാനകോശം തുടങ്ങി വിജ്ഞാനകോശങ്ങളുടെ ഒരു നീണ്ട നിര തന്നെ പി ടി ബിയുടെതായിട്ടുണ്ട്. ശാസ്ത്രപരിചയം, സയൻസ് കഥകൾ, ജീവൻറെ കഥ, മനുഷ്യൻ എന്ന യന്ത്രം, ഗ്രഹാന്തരയാത്ര, യന്ത്രങ്ങളുടെ പ്രവർത്തനം, വികസിക്കുന്ന ജീവിതവും ദർശനവും, ,കുട്ടികളുടെ ഗാന്ധി, കുട്ടികളുടെ നെഹ്‌റു, ഗ്രഹങ്ങളും കൊള്ളിമീനുകളും, സൂര്യൻ, സൂര്യനും നക്ഷത്രങ്ങളും, വായു, വെള്ളം, മനുഷ്യൻ, ഓടുന്ന യന്ത്രങ്ങൾ, സാക്ഷരതയും സോഷ്യലിസവും , കാളവണ്ടി, കുട്ടികളുടെ മാർക്സ്,മാർക്സിസം കുട്ടികൾക്ക് , തത്വശാസ്ത്രം കുട്ടികൾക്ക്, കുട്ടികളുടെ ലെനിൻ, ശരീരശാസ്ത്രം കുട്ടികൾക്ക് , ചരിത്രശാസ്ത്രം കുട്ടികൾക്ക് , പ്രകൃതിശാസ്ത്രം കുട്ടികൾക്ക് തുടങ്ങി നൂറിലേറെ ശാസ്ത്രഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. വിവിധ ആനുകാലികങ്ങളിൽ വന്ന സമാഹരിക്കപ്പെട്ടിട്ടില്ലാ ത്ത നൂറുകണക്കിന് ലേഖനങ്ങൾ വിവിധ വിഷയങ്ങളിലായി അദ്ദേഹത്തിന്റേ തായിട്ടുണ്ട്. ശാസ്ത്രകേരളം, പ്രൈമറി ടീച്ചർ, അധ്യാപകൻ, പുസ്തകസമീക്ഷ, വിദ്യാലോകം, പ്ലാൻസ്, ഭരണചക്രം തുടങ്ങിയ നിരവധി ആനുകാലികങ്ങൾ അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ ഉണ്ടായിരുന്നു. ചന്ദ്രൻ എന്ന തൂലികാനാമത്തിൽ 'പാർട്ടി ' എന്നൊരു നോവലും അദ്ദേഹം രചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതിന്റെ വേദനയിൽ എഴുതിയതാണ് അത് . പാർട്ടി പിളർന്നതിനു ശേഷം അദ്ദേഹം സജീവരാഷ്ട്രീയത്തിൽനിന്നു മാറി നിന്ന് തന്റെ സംഘാടകമികവു മൊത്തം വിദ്യാഭ്യാസത്തെ ശാസ്ത്രീയവും ജനകീയവുമാക്കുന്നതിൽ വിനിയോഗിച്ചു. പി എസ് സി മെമ്പർ ആയും ഗ്രന്ഥശാലാസംഘം പ്രസിഡന്റായും കേരളം യൂണിവേഴ്സിറ്റി സെനറ്റംഗമായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശാസ്ത്രസാഹിത്യപ്രചാരണത്തിനായി സ്‌റ്റെപ്സ് എന്ന പേരിൽ പി ടി ബി ഒരു പ്രസിദ്ധീകരണസംരംഭം നടത്തിയിരുന്നു. സ്റ്റെപ്‌സിന്റെ ശാസ്ത്രപുസ്തകങ്ങൾക്കു വലിയ ജനപ്രീതി ഉണ്ടായിരുന്നു. ഇന്റർഡിസിപ്ലിനറി സ്റ്റഡീസ്, ഭരണപരിഷ്കരവേദി ,കേരള സ്ഥലനാമ സമിതി, ഇവയിലൊക്കെ അദ്ദേഹം നേതൃസ്ഥാനത്തുണ്ടായിരുന്നു.
സാക്ഷരതാ രംഗത്തെ പ്രകാശഗോപുരമായിരുന്ന കാൻഫെഡ് (കേരള അസോസിയേഷൻ ഫോർ നോൺ ഫോർമൽ എജ്യുക്കേഷൻ ആൻഡ് ഡിവലപ്മെന്റ് അഥവാ കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി ) രൂപീകരിക്കുന്നത് പി ടി ഭാസ്കര പണിക്കരും കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ആദിനാഥൻ ആയ പി എൻ പണിക്കരും ചേർന്നാണ്. കാൻഫെഡ് എന്ന പേരുപോലും പി ടി ബി ഇട്ടതാണ്. സാക്ഷരതയുടെ പര്യായമായി മാറിയ കാൻഫെഡിന്റെ പ്രവർത്തനം കേരളത്തിലെ എല്ലാ വാർഡുകളിലേക്കും വ്യാപിക്കുന്നതിലും,നൂറു ശതമാനം സാക്ഷരതയിലേക്കു കേരളത്തെ നയിക്കുന്നതിലും പി ടി ഭാസ്കരപ്പണിക്കർക്കുള്ളപങ്ക് നിസ്സീമമാണ്. സംസ്ഥാന തലത്തിൽ സാക്ഷരതാപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന സ്റ്റേറ്റ് റിസോഴ്‌സ് സെന്ററുകൾ മറ്റെല്ലാ സംസ്ഥാനങ്ങളിലും സർവ്വകലാശാലയോ വയോജന വിദ്യാഭ്യാസ വകുപ്പോ ആയിരുന്നു. കേരളത്തിൽ മാത്രം ഒരു സന്നദ്ധസംഘടന ആയിരുന്നു സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ - അതു കാൻഫെഡ് ആയിരുന്നു .
തിരുവനന്തപുരത്തു ആകാശവാണിക്കും ഉള്ളൂർ സ്മാരകത്തിനും ഇടയ്ക്കുള്ള കാൻഫെഡ് ഓഫീ സിൽ കേരളത്തെ സമ്പൂർണ്ണസാക്ഷരമാക്കാനുള്ള പാഠങ്ങളും പ്രവർത്തനപരിപാടികളും രൂപപ്പെട്ടു. വിദ്യാഭ്യാസ-സാംസ്കാരിക-സാമൂഹ്യ -ശാസ്ത്ര രംഗങ്ങളിലെ പ്രമുഖരും നവസാക്ഷരർക്കുവേണ്ടി നൂറുകണക്കിന് പുസ്തകങ്ങൾ രചിച്ചു. ഒരു മിട്ടായിയോ കടലപ്പൊതിയോ വാങ്ങാവുന്ന കാശിനു പുസ്തകങ്ങൾ കേരളത്തിൽ എമ്പാടും പ്രചരിപ്പിക്കപ്പെട്ടു. കേരളത്തിലെല്ലായിടത്തും പ്രത്യേകിച്ച് ഗ്രാമങ്ങളിൽ ആയിരക്കണക്കിന് നിശാപാഠശാലകളിൽ കർഷകരും, തൊഴിലാളികളും തെരുവുകുട്ടികളും ഒക്കെ സാക്ഷരതാക്കളാസ്സുകളിൽ പങ്കെടുത്തു. . കേവലം അക്ഷരപഠനം മാത്രമല്ല സാക്ഷരതയെന്നും പൗരൻ എന്ന നിലയ്ക്കുള്ള സ്വയംപര്യാപ് തതയാണ് സാക്ഷരതയുടെ ലക്‌ഷ്യം എന്നും ഉള്ള കാഴ്ചപ്പാടായിരുന്നു കാൻഫെഡിനുണ്ടായിരുന്നത്. ' ജനബോധത്തെ വളർത്തീടാതെ എങ്ങനെ നാടിനെ മാറ്റാനാകും ?" എന്നതായിരുന്നു കാൻഫെഡിന്റെ മുദ്രാവാക്യം.
'പണിക്കർ വിപ്ലവം'എന്നാണു ഗാന്ധിയൻ രാമചന്ദ്രൻ (ഗാന്ധിഗ്രാം യൂണിവേഴ്സിറ്റി സ്ഥാപകൻ) കേരളത്തിലെ സാക്ഷരതാവിപ്ലവത്തെ വിശേഷിപ്പിച്ചത്. 1987 ഏപ്രിലിൽ കാസർകോട് മുതൽ കന്യാകുമാരി വരെ കാൻഫെഡ് നടത്തിയ സാക്ഷരതാ ജാഥയ്ക്ക് ഗാന്ധിയൻ രാമചന്ദ്രന്റെ നെയ്യാറ്റിൻകരയിലെ ആശ്രമത്തിൽ നൽകിയ സ്വീകരണത്തിൽ ആണ് അദ്ദേഹം ഈ വിശേഷണം നൽകിയത്. ആ സാക്ഷരതാജാഥയിൽ ഈ ലേഖകനും പങ്കെടുത്തിരുന്നു. കാൻഫെഡ് ആസ്ഥാനത്തു സാമൂഹ്യപ്രവർത്തകർക്കായി സ്റ്റേറ്റ് റിസോർസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നൂറു ദിവസത്തെ റെസിഡൻഷ്യൽ ക്യാംപിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി തെരെഞ്ഞെടുക്കപ്പെട്ട മുപ്പത്തിരണ്ടു പേരിൽ ഒരാളാ യിരുന്നു ഞാൻ. തിരുവനന്തപുരം മുരുക്കുംപുഴ മുതൽ കന്യാകുമാറിവരെ ജാഥയിൽ ക്യാംപംഗങ്ങളെല്ലാവരും പങ്കെടുത്തു.
റെസിഡൻഷ്യൽ ക്യാമ്പിന്റെ ഡയറക്ടർ പി ടി ബി ആയിരുന്നു. നൂറു ദിവസത്തേക്ക് ഞങ്ങൾ 32 പേരും പി ടി ബിയുടെ 'കസ്റ്റഡി'യിൽ ആണ്. രാവിലെ എട്ടു മണിക്ക് ക്ലാസ് ആരംഭിക്കും.ക്യാമ്പടുക്കളയിലെ ആഹാരവും കഴിഞ്ഞു എട്ടു മണിക്ക് ഞങ്ങൾ ക്‌ളാസിൽ കയറും. എട്ടു മണിക്ക് മുമ്പു തന്നെ പി ടി ബി എത്തും. തൂവെള്ള കട്ടിത്തുണിയിലുള്ള ഷർട്ടും ഒറ്റമുണ്ടും വേഷം. കാലൻകുട സദാ കൂടെയുണ്ടാവും. വഞ്ചിയൂരിൽ നിന്ന് നടന്നാണ് വരവ്.. കൃത്യം എട്ടുമണിക്ക് ക്‌ളാസ്സിലെത്തും. പത്തുമണി വരെ ഏതെങ്കിലും വിഷയത്തിൽ അദ്ദേഹം ക്ലസ്സെടുക്കും. വിഷയങ്ങൾ ലളിതമായി .വിശകലനം ചെയ്യും. ചോദ്യങ്ങൾ ചോദിക്കും ചോദിപ്പിക്കും. ചർച്ച നടത്തിക്കും. എന്തെല്ലാം എഴുതാമോ അതെല്ലാം എഴുതിക്കും. ജനങ്ങൾക്ക് മനസ്സിലാവുന്ന ഭാഷയിൽ ആശയവിനിമയം നടത്തണമെന്ന് ഊന്നിയപ്പറയും. ഏതെങ്കിലും ഒരു വിഷയം അക്ഷരാഭ്യാസം പോലുമില്ലാത്ത സാധാരണക്കാരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കിക്കുമെന്നു പറയിപ്പിക്കും. തെറ്റുകൾ അപ്പഴപ്പോൾ ചൂണ്ടിക്കാണിച്ചു തിരുത്തും. ഞാൻ പലപ്പോഴും തർക്കിക്കും.തർക്കം പരിധിവിടുമ്പോൾ ചിലപ്പോൾ അദ്ദേഹം പൊട്ടിത്തെറിക്കും. സ്വതേ ചുവന്നു തുടുത്ത ആ മുഖം കൂടുതൽ ചുവക്കും. .
ജനങ്ങളെ എങ്ങനെ പഠിപ്പിക്കണമെന്നാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിക്കുന്നത്. ഓരോ വിഷയത്തിലും പ്രഗത്ഭരായവരെ അദ്ദേഹം അവിടെ വരുത്തും. പത്തു മണിക്ക് അദ്ദേഹത്തിന്റെ സെഷൻ കഴിഞ്ഞാലുടൻ എത്തുകയായി ഏതെങ്കിലും ഒരു ഉന്നതൻ - വിദ്യാഭ്യാസ ഡയറക്റ്ററോ എഴുത്തുകാരോ ഐ എ എസ ഉദ്യോഗസ്ഥരോ ശാസ്ത്രജ്ഞരോ പരിസ്ഥിതി പ്രവർത്തകരോഎം എൽ എ മാരോ മന്ത്രിമാരോ ജഡ്ജിമാരോ സാമ്പത്തിക വിദഗ്ധരോ ജനസംഖ്യാശാസ്ത്രജ്ഞനോ പുരാവസ്തു ശാസ്ത്രജ്ഞനോ ട്രഷറി ഡയറക്റ്ററോ ആരെങ്കിലുമാവും അത്. അവരവരുടെ അധീനതയിലുള്ള സർക്കാർ വകുപ്പുകളോ സ്ഥാപനങ്ങളോ പ്രസ്ഥാനങ്ങളോ ആവിഷ്കരിക്കുന്ന പദ്ധതികളും ആനുകൂല്യങ്ങളും എന്തെല്ലാമാണ്, അവ എങ്ങനെ ജനങ്ങൾക്ക് ലഭ്യമാക്കാം തുടങ്ങിയ വിഷയങ്ങൾ ആണ് സർക്കാർ മേധാവികൾ പഠിപ്പിക്കുന്നത്. ഇങ്ങനെ വിദ്യാഭ്യാസം, ആരോഗ്യം, ട്രഷറി, മൃഗസംരക്ഷണം, ഊർജം, ജലസേചനം, കൃഷി, , വനം, സംസ്കാരം തുടങ്ങിയ മിക്കവാറും എല്ലാ സർക്കാർ വകുപ്പുകളുടെ മേധാവിമാരോ ഉദ്യോഗസ്ഥരോ ഞങ്ങൾക്ക് ക്ലസ്സെടുത്തു. മറ്റു വിഷയങ്ങളിലും വിദഗ്ധരായവർ ക്‌ളാസ്സുകളിലൂടെയും മറ്റു പരിപാടികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ജനങ്ങളെ എങ്ങനെ ബോധവൽക്കരിക്കണമെന്നു ഞങ്ങളെ ബോധവൽക്കരിച്ചു. ക്യാമ്പിന്റെ തീം തന്നെ 'ബോധവത്‌കരണം ' എന്നതായിരുന്നു. നൂറു ദിവസങ്ങളിലായി ഇരുന്നൂറില്പരം ക്‌ളാസ്സുകളിലും അനുബന്ധപരിപാടികളിലും ഞങ്ങൾ പങ്കെടുത്തു. ആ ദിവസങ്ങളിൽ എല്ലാം പിടിബി ഞങ്ങൾക്ക് മുമ്പിൽ വിശാലമായ ലോകത്തിന്റെ വാതായനങ്ങൾ തുറന്നിടുകയായിരുന്നു. ക്യാമ്പ് ആംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ആകാശവാണിയിൽ സാമൂഹ്യപ്രശ്നങ്ങളെപ്പറ്റിയുള്ള ഒരു ചർച്ചയ്ക്കും അദ്ദേഹം അവസരമൊരുക്കി. .
ക്യാമ്പിന്റെ അടുക്കളയിൽ ക്യാംപംഗങ്ങൾ രണ്ടുപേർ വീതം മാറിമാറി ദിവസവും കുറച്ചു നേരം ജോലി ചെയ്യണം. അടുക്കളക്കാരിയെ സഹായിക്കണം. എന്റെ ഊഴം വന്ന ദിവസം വിറകു തീർന്നു പോയിരുന്നു. മഴ ചാറുന്നുണ്ട്. ചാറ്റമഴയത്തു നിന്ന് ഞാൻ വിറകു കീറുകയായിരുന്നു. അപ്പോഴുണ്ട് ഒരു കുടക്കീഴിൽ രണ്ടുപേർ വരുന്നു. പുരുഷൻ ആണ് കുടപിടിച്ചിരിക്കുന്നത്. കുടക്കീഴിലുള്ള സുന്ദരിയായ സ്ത്രീയെ ഞാൻ തിരിച്ചറിഞ്ഞു. കമലാദാസ് , കൂടെയുള്ളത് അവരുടെ ഭർത്താവ് മാധവദാസ്. എന്റെ ഭാഗ്യത്തിന് മാധവദാസ് ആണ് ആദ്യം ക്‌ളാസ് എടുത്തത്. ബാങ്കിങ്ങിനെ പറ്റിയുള്ള അദ്ദേഹത്തിന്റെ ക്‌ളാസ് കഴിഞ്ഞപ്പോഴേക്കും ഞാൻ വിറകു കീറിക്കഴിഞ്ഞിരുന്നു പിന്നെ വന്നു കമലാദാസിന്റെ 'ക്‌ളാസിൽ' ഇരുന്നു. അങ്ങനെയാണ് മാധവിക്കുട്ടിയെ ഞാൻ ആദ്യമായി കാണുന്നത്.
എല്ലാ ദിവസവും പി ടി ബിഎനിക്കൊരു 'പണി ' തന്നു. അന്നന്ന് ക്യാമ്പിൽ ചർച്ച ചെയ്യുന്ന കാര്യങ്ങളെപ്പറ്റിയും പ്രവർത്തനങ്ങളെപ്പറ്റിയും ക്യാംപംഗങ്ങൾ എഴുതുന്ന കുറിപ്പുകളും സൃഷ്ടികളും ഉൾപ്പെടുത്തി ഒരു ചുവർപത്രം എല്ലാ ദിവസവും ഇറക്കണം. അത് പി ടി ബി എത്തുന്നതിനു മുമ്പ് ക്ലാസ്സിന്റെ വാതിൽക്കൽ ചുവരിലെ ബോർഡിൽ പിൻ ചെയ്തു വയ്ക്കണം. ആറു മണി വരെയാണ് ക്‌ളാസ്. അത് കഴിഞ്ഞു കോളനി സന്ദർശനം പോലുള്ള എന്തെങ്കിലും ഫീൽഡ് ജോലികൾ ഉണ്ടാവും. എട്ടു മണിക്ക് അത്താഴം കഴിഞ്ഞാൽ എല്ലാവരും താമസസ്ഥലത്തു പോകും. ഞാനും പാമ്പാടി കൂരോപ്പട സ്വദേശിയായ രാജീവും എട്ടു മണി കഴിഞ്ഞു പാതിരാ പാതിരാ വരെ ക്‌ളാസ്സിൽത്തന്നെയിരുന്നു ചുവർപത്രം തയ്യാറാക്കും.എഴുതിയാണുണ്ടാക്കു ന്നത്. ക്യാമ്പ് അംഗങ്ങളിൽ നിന്നും ഞാൻ ശേഖരിച്ചുനൽകുന്ന മാറ്ററു കൾ രാജീവ് നല്ല കയ്യക്ഷരത്തിൽ കോളം തിരിച്ച എഴുതും. ഒരു ഡബിൾ ഡമ്മി ഡ്രോയിങ് ഷീറ്റിന്റെ ഒരു പുറത്താണ് എഴുത്ത്. പാതിരാ കഴിയുമ്പോൾ അത് ചുവരിൽ പതിച്ചു വച്ചിട്ട് ഞങ്ങൾ ഉറങ്ങാൻ പോകും. രാവിലെ ഓഫീസിലെത്തി മുകൾനിലയിലെ തന്റെ മുറിയിലേക്ക് കയറുന്നതിന് മുമ്പ് പി ടി ബി അത് വായിക്കും. രചനകൾ ഒക്കെ അദ്ദേഹം . രാവിലത്തെ പ്രഭാഷണത്തിൽ ചില നിർദ്ദേശങ്ങളും നിരൂപങ്ങളുമൊക്കെ നടത്തും. മിക്ക ദിവസങ്ങളിലും പി ടി ബി എന്തെങ്കിലും ചെറു കുറിപ്പുകൾ ചുവർപത്രത്തിലിടാൻ തരും. പുസ്തകം എങ്ങനെ വായിക്കണം,നേതൃത്വശീലങ്ങൾ, ബോധവത്കരണം തുടങ്ങി ഞങ്ങൾക്ക് അപ്പഴപ്പോൾ ഉപകരിക്കുന്ന കുറിപ്പുകളാവും അവ.
ഒരു ദിവസം ചുവർപാത്രത്തിലിടാൻ പി ടി ബി നാലുവരി കവിത തന്നു. അദ്ദേഹം എഴുതിയതല്ല - എഴുതിച്ചതാണ്. കുറെ വർഷങ്ങൾക്കു മുമ്പ് ഒരു ദിവസം മഹാകവി പി. കുഞ്ഞിരാമൻ നായർ കാൻഫെഡ് .ഓഫീസിൽ വന്നു. പിടിബി യുടെ ചെറുപ്പം മുതൽ ഉള്ള സുഹൃത്ത് ആണ് കുഞ്ഞിരാമൻ നായർ. കാൻഫെഡിനെപ്പറ്റി എന്തെങ്കിലും എഴുതിത്തരാൻ പി ടി ബി ആവശ്യപ്പെട്ടപ്പോൾ ഉടനെ പേനയും ഒരു തുണ്ടു കടലാസുമെടുത്തു പി എഴുതി: " അന്ധമൂക താമസ്സിന്റെ നാവിലെൻ പുലർതാരകേ, നേർത്ത നിൻ കൈവിരൽത്തുമ്പാൽ കുറിക്കൂ പ്രാണവാക്ഷരം".
ക്യാമ്പ് പാത്രത്തിൽ പതിവായി എഴുതിയിരുന്നവരിൽ 'ജഹാനറ'യുടെ കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. 'ജഹാനറ' മിക്കവാറും കവിതകൾ തരും. ഞാൻ അത് പ്രസിദ്ധീകരിക്കും. ക്യാമ്പിൽ അങ്ങനെ ഒരാൾ ഇല്ല. ഇത് പിന്നെ ആരുടെ കവിത? ഞാൻ എവിടുന്നെങ്കിലും വിവർത്തനം ചെയ്തതാണെന്ന് എല്ലാവരും കരുതി. 'ജഹാനറ' കവിത തന്നാലുടൻ എന്നോട് പറയും : നീ ഇത് ഞാൻ എഴുതിയതാണെന്ന് ആരോടുംപറയണ്ട. ഒടുവിൽ ക്യാംപംഗങ്ങളുടെ സമ്മർദ്ദം മൂലം എനിക്ക് അത് വെളിപ്പെടുത്തേണ്ടി വന്നു : കാഞ്ചനച്ചേച്ചിയാണ് 'ജഹാനറ' എന്ന പേരു വച്ച് കവിത എഴുതുന്നത്. കാഞ്ചനയെ മൊയ്‌തീൻ വിളിച്ചിരുന്ന പേരാണ് അത്. സാക്ഷാൽ കാഞ്ചനമാല! ബി പി മൊയ്‌ദീൻ സേവാമന്ദിർ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളു. 100 ദിവസത്തെ ക്യാമ്പിലെ 32 പേരിൽ ഒരാൾ കാഞ്ചന കൊറ്റങ്ങൽ എന്ന കാഞ്ചനമാലയായിരുന്നു. ആ നൂറു ദിവസങ്ങൾക്കിടയിൽ മൊയ്‌തീൻ -കാഞ്ചന പ്രണയവും കാഞ്ചനയുടെ സാമൂഹ്യപ്രവർത്തനങ്ങളെപ്പറ്റിയും ഒക്കെ ഞാൻ സംസാരിച്ചു കുറിപ്പുകൾ എടുത്തിരുന്നു . 2005 ലെ ഓണക്കാലത്തു ഞാൻ കുടുംബസമേതം മൂക്കത്തു പോയി കാഞ്ചനമാലയുമായി വിശദമായ ഒരു ഇന്റർവ്യൂ നടത്തി - എങ്ങും പ്രസിദ്ധീകരിക്കില്ല എന്ന ഉറപ്പിൽ. )
ഒരു ദിവസം പി ടി ബിയുടെ ദേഷ്യക്കടൽ എനിക്ക് നേരെ ഇരമ്പി. തക്കതായ കാരണം ഉണ്ട് . തലേന്ന് വൈകിട്ട് നടക്കാനിറങ്ങിയപ്പോൾ ശൂരനാട്ടുകാരൻ ശിവശങ്കരക്കുറുപ്പ്, പിണറായിക്കാരൻ കെ. വി. മോഹനൻ, വെള്ളൂർ ക്കാരൻ ടി കെ രാജു, ഞാൻ - ഇത്രയും പേർ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ചില മുദ്രാവാക്യങ്ങളും മുഴക്കിക്കൊണ്ട് ഡി പി ഐ ജംഗ്‌ഷനിലൂടെ തൈക്കാട്ടു എത്തി അവിടുന്നു തിരികെ വഴുതക്കാട് വരെ നടന്നു. ഇക്കാര്യം ഞാൻ വല്യ കാര്യത്തിൽ ക്യാമ്പ് പത്രത്തിൽ വാർത്തയായി ഇട്ടു. പി ടി ബി രാവിലെ വന്നപാടെ ചുവർപത്രം വായിച്ചിട്ടു മുകളിക്കു കയറിപ്പോയി. ക്യാമ്പങ്ങൾ അതാതു ദിവസം എടുക്കുന്ന കുറിപ്പിന്റെ അടിസ്ഥാനത്തിൽ ആഴ്ചതോറും റിപ്പോർട്ട് പി ടി ബിക്കു കൊടുക്കണം.പഠിച്ചതിന്റെയും അറിഞ്ഞതിന്റെയും പ്രവർത്തനങ്ങളുടെയും അവലോകനമാണ് റിപ്പോർട്ട്. എന്റെ റിപ്പോർട്ട് പൂർത്തിയായിരുന്നില്ല. സൂക്ഷം പോലെ ക്‌ളാസ്സിലെത്തിയ ഉടനെ അദ്ദേഹം ആദ്യം തന്നെ എന്റെ റിപ്പോർട്ട് കൊണ്ടുവരാൻ പറഞ്ഞു. റിപ്പോർട്ട് പൂർത്തിയായില്ല എന്ന് ഞാൻ പറഞ്ഞതും പി ടി ബി യുടെ മുഖം ഇരുളുന്നതും കോപത്തിന്റെ തിരകൾ ഉയരുന്നതും ഞാൻ കണ്ടു. പിന്നത്തെ എന്റെ കാര്യം!! "ഉത്തരവാദത്തോടു കൂടി കാര്യങ്ങൾ ചെയ്യില്ല. നാലുപേർ കൂടി ജാഥ നടത്താനാണോ ഇവിടെ വന്നിരിക്കുന്നത്? " എന്ന് തുടങ്ങി മൂന്നു നാല് മിനിട്ടു കൊണ്ട് പി ടി ബി എന്റെ കാറ്റഴിച്ചു വിട്ടു. എല്ലാവരും ആദ്യമായിട്ടാ ണ് അദ്ദേഹം ദേഷ്യപ്പെട്ടു കാണുന്നത് . "റിപ്പോർട്ടെഴുതിയിട്ട് ഇങ്ങോ ട്ടു കയറിയാൽ മതി. ഇറങ്ങു പുറത്ത് " പി ടി ബി യുടെ ഇടിമുഴക്കം പോലത്തെ ശബ്ദം. ഞാൻ ഞെട്ടിത്തരിച്ചു ക്ലസ്സിനു പുറത്ത് . പക്ഷെ പെട്ടെന്ന് തന്നെ ഞാൻ ക്ലസ്സിലേക്കു തിരികെ കയറി. "എന്താ ?" അദ്ദേഹം ചോദിച്ചു. "പേനയില്ല" ഞാൻ പറഞ്ഞു. "ഇതാ പേന" . തന്റെ തൂവെള്ള ഷർട്ടിന്റെ വലിയ പോക്കറ്റിലിരുന്ന കറുത്ത ക്യാപ്പുള്ള വെളുത്ത ബോൾപേനഎടുത്തു തന്നു. "എഴുതിയിട്ട് ഇങ്ങോട്ടു വന്നാ മതി. കോമ്പൗണ്ടിനു പുറത്തു പോവരുത് " എന്നൊരു ആജ്ഞയും. ഞാൻ നോട്ടബുക്കെടുത്ത് വരാന്തയിലിരുന്നു തുരുതുരാ എഴുതി. പി ടി ബി യുടെ കോപത്തിന്റെ ശക്തിയിൽ ഞാൻ എട്ടുപത്തു പേജെഴുതി. എന്നിട്ടും റിപ്പോർട്ട് തീരുന്നില്ല.അദ്ദേഹം ക്‌ളാസ് തീർക്കുന്നതിന് മുമ്പ് കൊടുക്കുകയും വേണം. ഒടുവിൽ എളുപ്പവഴിക്കായി കുറെ പട്ടികകളും ചാർട്ടും ലിസ്റ്റും ഒക്കെയായി റിപ്പോർട് ഒരുവിധത്തിൽ പൂർത്തിയാക്കി പി ടി ബി ക്‌ളാസിൽ നിന്നും ഇറങ്ങും മുമ്പുതന്നെ കൊടുത്തു. പരിശോധിച്ചിട്ടു അദ്ദേഹം പറഞ്ഞു : "ഏറ്റവും നല്ല റിപ്പോർട്ട് സലിംകുമാറിന്റേതാണ്. "പേന തിരികെ കൊടുക്കുമ്പോൾ അദ്ദേഹം : പറഞ്ഞു "അത് വച്ചോളൂ" . ആ വാക്കുകളിലെ സ്നേഹം ഞാൻ തിരിച്ചറിഞ്ഞു.
പിറ്റിബിയും ഒത്തുള്ള ആ നൂറു ദിവസത്തെയും പിന്നീടുള്ള അനുഭവങ്ങളെയും പറ്റി എനിക്ക് ധാരാളം ഓർമ്മകൾ ഉണ്ട് . ഒരിക്കൽ ഇടപഴകിയ ആർക്കും ഒരിക്കലും മറക്കാൻ കഴിയാത്തത്ര ലളിതനിർമ്മലമായ പ്രകൃതമാണ് അദ്ദേഹത്തിന്റേത്. പരിചയപ്പെടുന്ന ഓരോരുത്തരുടെയും കഴിവുകൾ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കുവാനും അവരുടെ കഴിവുകളെ ജനന്മയ്ക്കായി പ്രയോജനപ്പെടുത്തിയത്‌വാനും അദ്ദേഹം ആത്മാർത്ഥമായി ശ്രമിച്ചു. ഇത്രയും വലിയ ഒരു പ്രചോദകനെ ആധുനിക കേരളം കണ്ടിട്ടുണ്ടാവില്ല.
ക്യാമ്പ് തീരുന്ന ദിവസം പി ടി ബി ഞങ്ങളോട് പറഞ്ഞു: നിങ്ങൾ ആളുകളോട് വെറുതെ സംസാരിച്ചാൽ മതി. അവർക്കു പ്രചോദനം നൽകുന്ന അറിവുകൾ മനഃപൂർവമല്ലാതെ സ്വാഭാവികമായി നല്കാൻ കഴിയണം. അതിനു നിങ്ങൾ കൂടുതൽ കൂടുതൽ അറിവ് ആർജ്ജിക്കണം. ഇപ്പോഴും അപ്‌ഡേറ്റഡ് ആയിരിക്കണം. പ്രചോദനം ആണ് അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ആണിക്കല്ല്. "
"എഴുതാനുള്ളശേഷി നഷ്ടപ്പെടുത്തരുത്, " "ആരുടേയും വലയിൽപ്പെടരുത് " "സാധാരണക്കാരന് മനസ്സിലാവുന്നവിധത്തിൽ സംസാരി ക്കണം " എന്നിങ്ങനെ വിവിധ സന്ദർഭങ്ങളിൽ അദ്ദേഹം എന്നോട് നിർദേശിച്ചിട്ടുണ്ട്
കാൻഫെഡിലെ 100 ദിവസത്തെ ക്യാമ്പ് കഴിഞ്ഞിട്ടും ഞങ്ങളൊക്കെ പി ടി ബി യുമായി നിരന്തരസമ്പർക്കം പുലർത്തിയിരുന്നു . പി ടി ബി . എല്ലാവർക്കും കത്തുകൾ എഴുതി. എല്ലാവരുടെയും കത്തുകൾക്ക് കൃത്യമായ മറുപടി നൽകി. വഞ്ചിയൂരിലെ ' ഗീതാഞ്ജലി'എന്ന വീട്ടിൽ പോയി പലപ്പോഴും ഞാൻ അദ്ദേഹത്തെ കണ്ടു. ചെല്ലുമ്പോഴൊക്കെ ധാരാളം പുസ്തകങ്ങൾ തന്നു. പുസ്തകങ്ങൾ അലമാരയിൽ പൂട്ടി വയ്ക്കാതെ എപ്പോഴും 'സർക്കുലേറ്റ് ' ചെയ്തുകൊണ്ടിരിക്കണമെന്നു അദ്ദേഹം പറഞ്ഞു. ഞാൻ രാജസ്ഥാനിലേക്കു പൊയ്ക്കഴിഞ്ഞിട്ടും കത്തുകളിലൂടെ അദ്ദേഹവുമായി നിരന്തരം ബന്ധം പുലർത്തി. ചില കത്തുകൾ അദ്ദേഹത്തെ ദേഷ്യം പിടിപ്പിച്ചപ്പോൾ ഞാൻ കത്തയച്ച അതെ കവറിൽ എന്റെ മേൽവിലാസം എഴുതി ഒട്ടിച്ചു ഉടൻ തന്നെ അദ്ദേഹം മറുപടി അയച്ചിട്ടുണ്ട്. പി ടി ബി എനിക്ക് പുതിയ ആശയലോകങ്ങൾ തുറന്നിട്ടു . ഒരു വശം തളർന്നു ശാരീരികമായി ദുർബ്ബലനായപ്പോഴും അദ്ദേഹം മകനെക്കൊണ്ട് എല്ലാവക്കും കത്തുകൾ .എഴുതിച്ച് അയച്ചു. സ്നേഹാദരങ്ങളോടെ
നവസാക്ഷരരെയും കുട്ടികളെയും ശാസ്ത്രബോധമുള്ളവരാക്കാൻ അദ്ദേഹത്തിന്റെ ഒരു പുസ്തകം ഉണ്ടായിരുന്നു - ശാസ്ത്രപാഠാവലി . ശാസ്ത്രലോകത്തെ പുതിയ വിവരങ്ങൾ (ക്ളോണിങ്, ഇന്റർനെറ്റ്, സെൽഫോൺ, ചൊവ്വയിലെ പര്യവേഷണം മുതലായവ) കൂടി ഉൾപ്പെടുത്തിയ പുതിയ പതിപ്പ് പ്രസിദ്ധീകരിക്കണം എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു . ശാസ്ത്രപാഠാവലിയുടെ ഒരു .കോപ്പി എനിക്ക് അയച്ചു തന്നിട്ട് അത് പരിഷ്കരിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ എഴുതി. വിവരശേഖരണം നടത്തി ഞാൻ തയ്യാറാക്കിയ പദ്ധതി അദ്ദേഹം അംഗീകരിച്ചതിനു ശേഷം എല്ലാം ചേർത്ത് പകർത്തിയെഴുതിയ കോപ്പി കവറിലിട്ടു അയയ്ക്കാൻ തയ്യാറാക്കി വച്ചെങ്കിലും രണ്ടാഴ്ച വരെ അത് അയയ്ക്കാൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കുമ് പോൾ ഒരു വൈകുന്നേരം ജോലി കഴിഞ്ഞു ഞാൻ വീട്ടിൽ വന്നപ്പോൾ ഭാര്യ പറഞ്ഞു : ഒരു കാര്യം പറഞ്ഞാൽ നിങ്ങൾ വിഷമിക്കരുത് . അവൾ അന്ന് തപാലിൽ വന്ന ഒരു കാർഡ് എനിക്ക് തന്നു. പി ടി ബിയുടെ ചരമം അറിയിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മകൻ സുരേഷ് അയച്ച കാർഡ് ആയിരുന്നു അത്. 1997 ഡിസംബർ 30 ന് ആണ് അദ്ദേഹം അന്തരിച്ചത്.
കേരളത്തിന്റെ സമസ്ത രംഗങ്ങളിലും ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കിയ ആത്മാർത്ഥതയും അറിവും ഭരണശേഷിയും ഉള്ള ജനനേതാവായിരുന്നു അദ്ദേഹം. പി ടി ഭാസ്കരപ്പണിക്കരെ ഒഴിവാക്കിക്കൊണ്ട് കേരളത്തിന്റെ വികസനചരിത്രം എഴുതാൻ ആവില്ല. 'പണിക്കർ വിപ്ലവ'ത്തിന്റെ കാലത്ത് കേരളവ്യാപകമായി ജനങ്ങൾ സാക്ഷരതയുടെയും അനൗപചാരിക വിദ്യാഭ്യാസത്തിന്റെയും സദ്‌ഫലങ്ങൾ അനുഭവിച്ചു. സമൂഹത്തിന് അന്നുണ്ടായിരുന്ന ഉണർവ്വ് നൂറു ശതമാനം സാക്ഷരത കൈവരിച്ച് ഏറെക്കാലം കഴിയും മുമ്പ് അവസാനിച്ചു.തുടർസാക്ഷരത എന്നത് കടലാസ്സിൽ മാത്രം ഒതുങ്ങി. ഇപ്പോൾ കേരളത്തിന്റെ സാക്ഷരതാനിരക്ക് 90 ശതമാനം മാത്രമാണ്. പുതിയ ആശയലോകങ്ങളോ ദിശാനിർദ്ദേശങ്ങളോ ഫലപ്രദമായ രീതിയിൽ നൽകാനോ ജനബോധത്തെ വളർത്താനോ ഭരണകൂടങ്ങൾക്കോ പ്രസ്ഥാനങ്ങൾക്കോ കഴിയുന്നില്ല.കേവലരാഷ്ട്രീയത്തി ന്റെ പൊട്ടക്കുളങ്ങളിൽ ആണ് ഇന്നത്തെ രാഷ്ട്രീയം ഏറെയും തഴച്ചു വളരുന്നത്.
പണ്ട് വൈകുന്നേരങ്ങളിൽ വായനശാലകളിലും സാക്ഷരതാകേന്ദ്രങ്ങളിലും ഒക്കെയുള്ള കൂട്ടായ പ്രവർത്തനങ്ങളിലൂടെ രൂപപ്പെട്ട മനുഷ്യത്വ ഊന്നിയ സാംസ്കാരികബോധം മലയാളിസമൂഹത്തിനു നഷ്ടമായിരിക്കുന്നു. പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചു ആശവിനിമയസങ്കേതങ്ങളെ നിയന്ത്രിതമായി ഉപയോഗിച്ച് ജനനന്മയ്ക്കായി പ്രവർത്തിക്കുവാൻ കഴിയാത്തത്ര വിധത്തിൽ കേരളീയ സമൂഹം ശിഥിലമായിരിക്കുന്നു. ജനങ്ങൾക്ക് വിശ്വാസത്തോടെ പിന്തുടരാൻപറ്റിയ . നേതക്കൾ വിരളമായിരിക്കുന്നു. നീതിസാക് ഷരത, കമ്പ്യൂട്ടർ സാക്ഷരത, ആരോഗ്യസാക്ഷരത എന്നൊക്കെ അഭിമാനിച്ചിരുന്ന മലയാളികൾ ഇന്ന് മദ്യസാക്ഷരത , കുറ്റകൃത്യസാക്ഷരത, പീഡനസാക്ഷരത മുതലായ പുതിയ മുന്നേറ്റങ്ങൾ നടത്തുന്നു!!!
പി ടി ഭാസ്കരപ്പണിക്കരെ പ്പോലെയുള്ള മഹാവൃക്ഷങ്ങൾ ഇല്ലാതായതിന്റെയും അവരുടെ മഹത്വം പുതിയ തലമുറ തിരിച്ചറിയാത്തതിന്റെയും കുറവാണിത്. പി ടി ബിയും കൂട്ടരും വരുത്തിയ നവോത്ഥാനത്തിന്റെ ഫലം നേരിട് അനുഭവിച്ച തലമുറ കഴിയാറായിരിക്കുന്നു. പുതിയ തലമുറ അനുഭവിക്കുന്ന നന്മകളിലേറെയും ആ മഹാമനീഷികളുടെ പ്രവർത്തനത്തിന്റെയും ത്യാഗങ്ങളുടെയും അടിത്തറയിൽ പടുത്തവയാണ്. കേരളം കണ്ട മഹാപ്രതിഭകളിൽ ഒരാളായ പി ടി ഭാസ്ക്കരപ്പണിക്കർക്ക് ഉചിതമായ ഒരു സ്മാരകമുണ്ടാക്കുവാനോ അദ്ദേഹത് തിന്റെ കൃതികളുടെ പുതിയ പതിപ്പുകളോ അദ്ദേഹത്തിന്റെ ഒരു മികച്ച ജീവചരിത്രമെങ്കിലും പ്രസിദ്ധീ കരിക്കുവാനോ സർക്കാർ തലത്തിലോ അല്ലാതെയോ കഴിഞ്ഞിട്ടുണ്ടോ?
ഈ നൂറ്റാണ്ടിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള നവോത്ഥാനത്തിനു നേതൃത്വവും ദിശാബോധവും നൽകുവാൻ പി ടി ഭാസ്ക്കരപ്പണിക്കാരെപ്പോലെ ഒരു പ്രതിഭ നമ്മൾക്കുണ്ടോ? ഇത്രയും മികച്ച ഒരു മാതൃകാ പൊതുപ്രവർത്തകനു വേണ്ടി കേരളം ഇനി എത്രകാലം കാത്തിരിക്കണം?
എസ് .സലിംകുമാർ
Comments
Post a Comment