Poem by S.Salim Kumar Kurumpakara

അധമം
ഞാനിന്നധമനധമര്‍ണ
നില്ലെനിക്കിപ്പൊഴു
താരോടുമോന്നും പറയുവാന്‍ .
നിത്യവുമേറും കടങ്ങളും
നാലാളു മദ്ധ്യത്തിലേല്‍ക്കു
മപമാന വാക്കുകള്‍ കൊണ്ടു
മുറിഞ്ഞ മനസ്സും
കിനാവി ന്‍റെ പൊന്‍കതിര്‍പ്പാടം കരിക്കുന്ന
വേനലും കൊണ്ടു നടക്കുകയാണ് ഞാന്‍ ..
അക്ഷരപ്പൂട്ടിട്ട ജന്മമാ
ണുള്ളിലുമിത്തീയുമിട്ടാണ് പൂട്ടിയ
തെന്നോ മറന്നു പോയ്‌
സൂത്ര വാക്യങ്ങള്‍ ഞാന്‍.
എന്‍റെ ക്ഷതങ്ങളി
ലാകെ നീയിപ്പൊ ഴു
തുപ്പും മുളകും തിരുമ്മിയെന്‍
പാടുകള്‍ കണ്ടു ചിരിക്കുന്നു ..
പോരാഞ്ഞു നീ നിന്നു
സാരോപദേശങ്ങളേകുന്നു ..
ഞാനതില്‍ നിന്നും ഗ്രഹിച്ച പൊരുളുക
ളിങ്ങനെ:
പാപങ്ങളില്‍ വച്ചു മുമ്പനത്രെ കടം,
ഞാന്‍ പാപി,
എന്‍റെ മുന്‍ ഗാമികളത്രയും പാപികള്‍ ,
നീ മാത്രമല്ലോ മനുഷ്യന്‍
വിശിഷ്ടനാമുത്തമര്‍ണന്‍ .
സദാ വിത്തവും വിദ്യയും
നിന്‍റെ യൊപ്പം വരും.
അല്ലെങ്കില്‍
നീ ചെന്നു തേടിപ്പിടിച്ചു
പൂവിട്ടു പൂജിച്ചു
നിന്‍ പൈശാച മാസ്മര വിദ്യകള്‍ കാട്ടിടും-
..നീ തന്നെയുത്തമന്‍..
നീ നിന്‍റെ മേല്‍ വെള്ള പൂശുന്നു
ഗന്ധങ്ങള്‍ മായ്ക്കുവാനത്തറും തൂക്കുന്നു.
സന്ധ്യക്കു
സാഗരസഞ്ചയികയിലേക്കാരാണു
പൊന്‍നാണ്യമിട്ടതു ?
നീ തന്നെയാകണം..
ഉത്തമപൂരുഷന്‍
ഉത്തമര്‍ണന്‍ ഭവാന്‍
നിത്യവുമെത്രയോ വേഷത്തി
ലെത്തിയെന്നുള്ളിലെത്തീയില്‍
പ്പകരുന്നതെണ്ണയോ നെയ്യോ കൊഴുപ്പോ
കടുത്ത കുഴപ്പമോ ?

Comments

Popular posts from this blog

പി ടി ഭാസ്കരപ്പണിക്കരെ ഓർക്കുമ്പോൾ

പുകയില ഉപയോഗം : ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണകാരണം