ദുര്യോധനനെ ആരാധിക്കുവാൻ ഒരിടം : പോരുവഴി പെരുവിരുത്തി മലനട

എസ്. സലിംകുമാർ 



മഹാഭാരതത്തിലെ പ്രധാന പ്രതിനായകൻ ആയ ദുര്യോധനന് ഒരു ആരാധാനാസ്ഥലം കേരളത്തിൽ ഉണ്ട്. ദക്ഷിണേന്ത്യയിത്തന്നെ ദുര്യോധനന് ഈ ഒരു ക്ഷേത്രം മാത്രമേയുള്ളൂ. ക്ഷേത്രം എന്ന് പറയാൻ ആവില്ല. ഉയർത്തിയ ഒരു തറ മാത്രമാണ് അവിടെ ഉള്ളത്. പുരാതനകാലം മുതൽ ഇവിടെ ദുര്യോധനനെ ആരാധിച്ചുവരുന്നു. കോഴി, മദ്യം, പുകയില മുതലായവയാണ്‌ ഇവിടുത്തെ നേർച്ച വസ്തുക്കൾ. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലുള്ള പോരുവഴി പെരുവരുത്തിമലനട യാണ് ഈ അപൂർവ ആരാധാനാസ്ഥലം. 

നാടുവാഴിയുടെ യോദ്ധാക്കൾക്കു കരമൊഴിവായി നൽകിയിരുന്ന ഭൂമി  എന്നാണു.വിരുത്തി എന്ന വാക്കിന്റെ അർത്ഥം. പെരുവിരുത്തിയെന്നാൽ വലിയ വിരുത്തി. ഇവിടം ഒരു യുദ്ധഭൂമിയാണെന്നുള്ളതിനു സ്ഥലപ്പേരുതന്നെ തെളിവാണ്. പെരുവിരുത്തിമല സ്ഥിതി ചെയ്യുന്നത് പോരുവഴി എന്ന സ്ഥലത്താണ്.  

കൊല്ലം ജില്ലയിലെ കുന്നത്തൂർ  താലൂക്കിൽ പെട്ട പോരുവഴി പഞ്ചായത്തിലെ എടയ്ക്കാട്ട് ആണ് പെരുവിരുത്തിമലനട സ്ഥിതി ചെയ്യുന്നത്. അടൂർ ശാസ്താംകോട്ട റൂട്ടിൽ കല്ലുവാഴയ്, കടമ്പനാട്, ഏഴാംമൈൽ തുടങ്ങിയ സ്ഥലങ്ങളി നിന്നു  തിരിഞ്ഞു മലനടയിൽ എത്താം. കരുനാഗപ്പള്ളിയിൽ നിന്നും തഴവ, ചക്കുവള്ളി വഴിയും പെരുവിരുതിയിൽ എത്താം.
​സമീപപ്രദേശങ്ങളിൽ  ഒന്നിലേറെ സ്ഥലങ്ങൾ ഉണ്ട്. ​

എന്തുകൊണ്ടാണ് പൊതുവെ ലോകമെല്ലാം വെറുക്കുന്ന ദുര്യോധനൻ ഇവിടെ ആരാധാനമൂർത്തിയായത്? അതിനു ചരിത്രപരവും നരവംശപരവുമായ  കാരണങ്ങൾ ഉണ്ടോ? ഇത്തരം അന്വേഷണങ്ങൾ പെരുവിരുത്തിമലയെപ്പറ്റി  നടത്തി കാണുന്നില്ല. തിരുവിതാംകൂർ പ്രദേശത്തുള്ള നൂറ്റൊന്നു മലനാടകളിൽ ഏറ്റവും വലുതായി പെരുവിരുത്തിമലനാടാ. മലനടകളുടെ മലനട എന്ന് തന്നെ പറയാം.

പ്രത്യേകിച്ച് വിഗ്രഹങ്ങളോ ക്ഷേത്രമോ ഇല്ലാതെ ഉയർന്ന ഇടത്ത്  ഒരു സ്ഥാനം (നട) സങ്കൽപ്പിച്ച്   അവിടെ അഗ്നി ജ്വലിപ്പിച്ച്  ആരാധന നടത്തുന്ന സമ്പ്രദായം ആണ്ന മലനടകളിൽ ഉള്ളത്. മലയിൽ സ്ഥിതിചെയ്യുന്ന നടയായതിനാൽ മലനട . 
ദുര്യോധനനെ കൂടാതെ കർണ്ണനെയും ദുശ്ശളയെയും ശകുനിയെയുമൊക്കെ ആരാധിക്കുന്ന ഇടങ്ങൾ അതിനടുത്ത പ്രദേശങ്ങളിൽ ഉണ്ട്  ഉണ്ട്. 

പുരാതന കാലത്തു കൊല്ലം തുറമുഖം ഉൾപ്പെടുന്ന വേണാട് പ്രദേശം ഭരിച്ചിരുന്നത് കുറവ  രാജാക്കന്മാർ ആയിരുന്നു എന്നുള്ളതിന് ചരിത്രപരമായ തെളിവുകളുണ്ട്. കല്ലട ആയിരുന്നു അവരുടെ പ്രധാന കേന്ദ്രം. കല്ലടയിൽ കുറവ രാജാക്കന്മാർ ആരാധിച്ചിരുന്ന മൂർത്തിയാണ് ഇപ്പോൾ കൊല്ലംനഗരത്തിൽ അമ്മച്ചിവീടു മൂർത്തിയായി ആരാധിക്കപ്പെടുന്നത്.എ ഡി പന്ത്രണ്ടാം നൂറ്റാണ്ടിൽ കുറവരാജാക്കന്മാരുടെ ശക്തികേന്ദ്രമായിരുന്ന നാഞ്ചിനാട്ടിലെ കുറവരാജാവ് വധിക്കപ്പെട്ടതോടെ കൊച്ചിമുതൽ കന്യാകുമാരി വരെ വ്യാപിച്ചു കിടന്നിരുന്ന പ്രദേശത്തു പലയിടത്തുമായുണ്ടായിരുന്ന കുറവ രാജവംശങ്ങൾ കൂടുതൽ അടിച്ചമർത്തപ്പെട്ടു സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും പുറത്തായി.  മാർത്താണ്ഡ വർമ്മയുടെ കൊല്ലം ആക്രമണകാലത്തു കുറവപ്പട രൂപീകരിച്ചിരുന്നു. 
മീനമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് പോരുവഴി പെരുവിരുത്തി മലക്കുട മഹോത്സാവം. അന്ന് ദക്ഷിണകേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകൾ കെട്ടുകാഴ്ചയും വെടിക്കെട്ടും നിഴൽക്കുത്ത് കഥകളിയും കാണാൻ എത്തുന്നു.

നിഴൽക്കുത്ത് എന്ന കഥ മാത്രമേ ഇവിടെ കഥകളിയായി അവതരിപ്പിക്കാറുള്ളു. അതിനു കാരണം  ഉണ്ട്. നിഴൽക്കുത്ത് കൗരവരുടെ ബന്ധപ്പെട്ടതാണ്. ഒരു വിധത്തിലും പാണ്ഡവരെ നശിപ്പിക്കുവാൻ കഴിയാഞ്ഞ കൗരവർ ഭാരത മലയൻ എന്ന മഹാ മന്ത്രവാദിയെക്കൊണ്ട് നിഴൽക്കുത്ത് എന്ന ആഭിചാരം നടത്തുന്നതാണ് നിഴൽക്കുത്തിന്റെ കഥ. ആഭിചാര സമയത്തു ശത്രുവിന്റെ രൂപങ്ങൾ ഉണ്ടാക്കി അതിൽ പ്രയോഗങ്ങൾ  നടത്തുമ്പോൾ ശത്രുവും അതുപോലുള്ള പ്രയോഗങ്ങൾ ഏറ്റു മരണപ്പെടും  എന്നാണു  വിശ്വാസം. ദുര്യോധനന് പ്രിയപ്പെട്ട കഥ എന്ന നിലയിൽ ആണ് നിഴൽക്കുത്ത് അവതരിപ്പിക്കുന്നത്.

അപ്പൂപ്പൻ എന്നാണു പെരുവിരുത്തിമല നടയിലെ ആരാധനാമൂർത്തിയായ ദുര്യോധനനെ ആരാധകർ വിളിക്കുന്നത്. എല്ലാ മലനടകളുടെയും ആരാധാനാ മൂർത്തികളെ അപ്പൂപ്പൻ അല്ലെങ്കിൽ അമ്മൂമ്മ എന്നാണു സങ്കൽപ്പിക്കുന്നത്. കള്ള് ചാരായം, അടുക്ക്  (വെറ്റില, പുകയില , പാക്ക്, ചുണ്ണാമ്പ്  - മുറുക്കാൻ വേണ്ടുന്ന സാധനങ്ങൾ ), ആട്, കുമ്പൻ (കാളക്കുട്ടി), തീവെട്ടി, കറുപ്പുകച്ച, പട്ട്,  കൊടി, വാൾ, മുത്തുക്കുട, ആൾരൂപങ്ങൾ, ഗദ, ഓലക്കുട, ഉടയാട, പിടിപ്പണം, നേർച്ചക്കാള, സ്വർണനൂൽ, കരിപ്പുകട്ടി- ഇങ്ങനെ യുദ്ധവുമായും, ആഘോഷങ്ങളുമായും ബന്ധപ്പെട്ടുള്ള വിഭവങ്ങൾ  ആണ് നേർച്ച  വിഭവങ്ങളിൽ ഉള്ളത്.  ഓരോ വിഭവവുമായും ബന്ധപ്പെട്ടുള്ള അക്കാലത്തെ കാർഷികവും സാമൂഹ്യവും സാംസ്കാരികവുമായുള്ള ബന്ധം അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. കിഴങ്ങുവർഗങ്ങൾ, വാഴക്കുലകൾ തുടങ്ങിയ മറ്റു നേർച്ച  വിഭവങ്ങളും വർഷത്തിൽ , എല്ലാ ദിവസവും മലനടയിൽ അർപ്പിക്കപ്പെടുന്നു.


post by s.salim kumar. kurumpakara  


2 Attachments

Comments

Popular posts from this blog

BASANT LALL SHAW