രാജസ്ഥാനിൽ ബി ജെ പി തകർന്നു : കോൺഗ്രസ്സിൽ പൈലറ്റ് - ഗെഹലോട്ട് തുലാഭാരം


 എസ് .സലിംകുമാർ 



ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തു ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കോൺഗ്രസ്സിൽ അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള കലഹങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇരുപതിൽപ്പരം സീറ്റുകൾ കൂടി സീറ്റുകൾ കൂടിയെങ്കിലും രാജസ്ഥാനിൽ കോൺഗ്രസ്സിന് കൂടുതൽ കിട്ടുമായിരുന്നു. രാജസ്ഥാനിൽ വേരുകൾ ഇല്ലാത്ത ചില പാർട്ടികളുമായി നടത്തിയ സഖ്യവും കോൺഗ്രസ്സിനെ ക്ഷീണിപ്പിച്ച ഘടകങ്ങളിൽ ഒന്നാണ്. തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് എന്തൊക്കെ തെറ്റ് പറ്റിയെന്നു പാർട്ടിയുടെ ഉന്നതവൃത്തങ്ങളിൽ ചർച്ച നടക്കുകയാണ്. ജാട്ടുകളെയും ഗുർജറുകളെയും രാജപുത്രരിലെ വലിയൊരു വിഭാഗത്തെയും കൂടെ  നിർത്താൻ കഴിഞ്ഞത് കോൺഗ്രസ്സിന് വലിയ നേട്ടം ഉണ്ടാക്കി. 

മധ്യപ്രദേശുകാരിയായ വസുന്ധരാ രാജേ  സിന്ധ്യ രാജസ്ഥാൻ ബിജെപിയിൽ പിടി മുറുക്കിയതു  മുതൽ പാർട്ടിയിൽ ഉന്നതസ്ഥാനങ്ങൾ നഷ്ടപ്പെട്ട ബിജെപിയിലെ മുതിർന്ന പലനേതാക്കളും ഇത്തവണ റിബലുകളായും സ്വന്തം പാർട്ടിയുണ്ടാക്കിയും ഒക്കെ മത്സരിച്ചത് ബി ജെപിയുടെ പരാജയത്തിന് ആക്കം കൂട്ടി. 

മരുഭൂമിയിലെ മണൽക്കുന്നുകൾ പോലെയാണ് രാജസ്ഥാനിലെ രാഷ്ട്രീയ നീക്കങ്ങളും. ഇന്ന് കുന്നായിരിക്കുടം നാളെ നിരപ്പായിരിക്കും. കോൺഗ്രസ്സും ബിജെപിയും ഇങ്ങനെ മാറി മാറി അധികാരം കൈയാളുന്ന ചരിത്രമാണ് രാജസ്ഥാനുള്ളത്.  

കോൺഗ്രസ്സിന് അനുകൂലമാണ് സാഹചര്യം എന്ന് ഇലക്ഷൻ പ്രഖ്യാപനം മുതൽ മരുഭൂമിയിൽ ഉണ്ടായ രാഷ്ട്രീയ കാറ്റുകൾ സൂചന  നല്കിത്തുടങ്ങിയിരുന്നു. ബിജെപിയിലെ ജാതി സമീകരണം തകിടം മറിഞ്ഞതാണ് ഇത്തവണത്തെ പരാജയത്തിന് പ്രധാന കാരണം. വസുന്ധരാ രാജേയോടുള്ള അഭിപ്രായ വ്യത്യാസം കാരണം പാർട്ടിയിൽ പിന്നാക്കം  പോയ മുൻ കേന്ദ്ര മന്ത്രിയും രാജപുത്രർക്കിടയിൽ വൻ  സ്വാധീനമുള്ള നേതാവുമായ യെശ്വന്ത്‌ സിംഹിനു വസുന്ധരയിൽ നിന്നുണ്ടായ  അവമതി മൂലം അദ്ദേഹത്തിന്റെ  മാനവേന്ദ്ര സിംഹ് ബി ജെപി വിട്ടു കോൺഗ്രസ്സിൽ ചേർന്നത് രാഷ്ട്രീയ കാറ്റിന്റെ ഗതിയെ കൂടുതൽ സ്വാധീനിച്ചു. രാജസ്ഥാനിൽ സവർണ്ണർക്കിടയിലെ  സോഷ്യൽ എഞ്ചിനീയറിങ്ങിനെ അത് തകിടം മറിച്ചു. ഇതോടെ രജപുത്ര വോട്ടുകൾ വ്യക്തമായി ഭിന്നിച്ചു. മാനവേന്ദ്രസിംഹിന്റെ കോൺഗ്രസ്സ് പ്രവേശത്തോടെ രാജസ്ഥാനിലെ രജപുത്ര രാഷ്ട്രീയം കോൺഗ്രസ്സിന് കൂടുതൽ അനുകൂലമായി. പക്ഷെ വസുന്ധരയുടെ സ്ഥിരം അസ്സംബ്ലി സീറ്റായ ജാൽറ പട്ടൻ സീറ്റിൽ വസുധാരയ്‌ക്കെതിരെ മത്സരിച്ച മാനവേന്ദ്രസിംഹ് തോറ്റു. വേറെ ഏതെങ്കിലും സീറ്റിൽ ആയിരുന്നെങ്കിൽ അദ്ദേഹം ജയിച്ചേനെ. പക്ഷെ തന്റെ പിതാവിനെ ബിജെപിയിൽ നിന്ന് പുറത്താക്കി രാഷ്ട്രീയമായിഉന്മൂലനം ചെയ്ത വസുന്ധരയെ തോൽപ്പിക്കുകയെന്നതായിരിന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം.  ബിജെപി ക്കു പലപ്പോഴായി രണ്ടേ രണ്ടു മുഖ്യമന്ത്രിമാരാണ് രാജസ്ഥാനിലുണ്ടായിട്ടുള്ളത് - ഭൈറോം സിംഹ ശെഖാവത്തും (മൂന്നു തവണ) വസുന്ധരാ രാജേയും  (രണ്ടു  തവണ). ഇരുവരും രജപുത്രരാണ്. 

പ്രബല സമുദായമായ ഗുർജറുകൾക്കുള്ള സംവരണം കൈകാര്യം ചെയ്യുന്നതിൽ വസുന്ധര രാജേസിന്ധ്യ പരാജയപ്പെട്ടു. ഗുർജറുകളെയും അവർക്കു സംവരണം വന്നാൽ ഏറ്റവും ആധികൾ സംവരണ നഷ്ടം ഉണ്ടാവുകയും ചെയ്യുന്ന മീനാ സമുദായത്തെയും അനുനയിപ്പിക്കുവാൻ ബിജെപിക്ക് കഴിഞ്ഞില്ല. മീനാ സമുദായത്തിന്റെ എക്കാലത്തെയും വലിയ നേതാവായ കിറോഡിമൽ മീന പുതിയൊരു പാർട്ടി രൂപീകരിച്ചതും ബി ജേപ്പിയുടെ വോട്ടിങ് ശതമാനം കുറയുവാൻ കാരണം ആയി. 
ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഭൈറോം സിംഹ്  ശെഖാവത്ത് ഉപരാഷ്ട്രപതിയാവുന്ന സമയം വരെ രാജസ്ഥാനിൽ ബിജെപിയെ സംയോജിപ്പിച്ചു നിർത്തിയിരുന്നത് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന് ശേഷം പാർട്ടിയിൽ കുഴപ്പങ്ങൾ മൂർച്ഛിച്ച പ്പോൾ എല്ലാവര്ക്കും സ്വീകാര്യയായ ആളെന്ന നിലയ്ക്കാണ് വസുന്ധര രാജെ സിന്ധ്യ രാജസ്ഥാനിൽ ബിജെപിയുടെ നേതൃത്വം ഏറ്റെടുക്കുന്നതും തുടർന്ന് മുഖ്യമന്ത്രിയാവുന്നതും. 
ഗ്വാളിയോറിലെ പ്രബലമായ സിന്ധ്യാ കുടുംബത്തിലെ അംഗ വും  രാജസ്ഥാനിലെ ധൗൽപുർ നാട്ടുരാജ്യത്തെ മരുമകൾ, വസുന്ധരയുടെ മകൻ വിവാഹം ചെയ്തിരിക്കുന്നത് ഗുർജർ സമുദയത്തിൽ നിന്നാണ്. അതിനാൽത്തന്നെ ഗുർജറുകളെ സ്വാധീനിക്കാൻ അവർക്കു കഴിഞ്ഞിരുന്നു. രാജേഷ് പൈലറ്റിന്റെ മരണത്തോടെ ഗുർജറുകളുടെ രാഷ്ട്രീയ നേതൃത്വം ദുർബലമായ സാഹചര്യത്തിലാണ് വസുന്ധര അവരെ മോഹവലയത്തിലാക്കിയത്. പക്ഷെ ഗുർജറുകളുടെ സംവരണ സ്വപ്നത്തെ സാക്ഷാത്കരിക്കാൻ ആവാതെ അവരുടെ സമരത്തെ ക്രൂരമായി അടിച്ചമർത്തി എത്തും, ഗുർജർ ആയ സച്ചിൻ പൈലറ്റ് കോൺഗ്രസ്സിന്റെ തലപ്പത്തു വന്നതും വസുന്ധരയുടെ വോട്ടു ബാങ്കുകളിൽ വിള്ളലുകളുണ്ടാക്കി .ബിജെപിയുടെ പരാജയത്തിന് ഇതും ഒരു കാരണമായി .

ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുമായി വസുന്ധരയ്‌ക്കുള്ള അഭിപ്രായ വ്യത്യാസങ്ങൾ രാജസ്ഥാനിൽ പാർട്ടിക്ക് വലിയ നഷ്ടം ബി ജേപ്പിക്കുണ്ടാക്കി. വിശ്വഹിന്ദു പരിഷത് പ്രസിഡന്റ് തൊഗാഡിയയുടെ സ്വാധീനവും സംസ്ഥാനത്തു വളരെയുണ്ട്. തൊഗാഡിയയ്‌ക്കെതിരെ ഗെഹ്‌ലോട്ടിന്റെ കാലത്തു രജിസ്റ്റർ ചെയ്ത കേസ് വീണ്ടും കുത്തിപ്പൊക്കിയത് വസുന്ധരയായിരുന്നു. നരേന്ദ്രമോദി അമിത്ഷാ സഖ്യത്തിന്റെ ഏറ്റവും വലിയ എതിരാളിയായ തൊഗാഡിയായുടെ അനുയായികൾ ബി ജെപിയിലെ ഒരു ഗ്രൂപ്പിന്റെയും കൂടെ നിന്നില്ല. പട്ടികജാതി പട്ടികവർഗ്ഗത്തിന്റെ വോട്ടു ഇത്തവണ ബി ജെപ്പിക്ക് കുറഞ്ഞു.  ബിജെപിക്കു സ്വാധീനമുളള പട്ടികവർഗ്ഗമേഖലകളിൽ 'ഭാരതീയ ട്രൈബൽ പാർട്ടി എന്ന പേരിൽ പുതിയ പാർട്ടി ഉണ്ടായതും ബി ജെ പി യുടെ വോട്ടുകൾ ചോരാൻ കാരണമായി.
 സ്ഥാനാർഥി നിർണ്ണയം വരെ കീരിയും പാമ്പും പോലെയായിരുന്നു അശോക് ഗെഹ്‌ലോട്ടും  സച്ചിൻ പൈലറ്റും പിന്നീട് ഒറ്റക്കെട്ടായി പ്രചാരണം നടത്തിയതും കോൺഗ്രസ്സിൽ പ്രശ്നങ്ങൾ ഇല്ല എന്ന പ്രതീതി സൃഷ്ടിക്കാനും കഴിഞ്ഞത് കൊയ്നഗ്രസ്സിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു .

കോൺഗ്രസ്സിൽ അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും മാത്രമല്ല ഗിരിജാവ്യാസും മുഖ്യമന്ത്രി പദകാംക്ഷികളായാണ് മത്സരിച്ചത്. ഒരു ഗെഹലോട്ട് -പൈലറ്റ് യുദ്ധം ഉണ്ടായാൽ ഇടയിൽ ചാടി വീണു മുഖ്യമന്ത്രി പദത്തിന് അവകാശം ഉന്നയിക്കാം എന്ന് ഗിരിജാ വ്യാസിനു  ഒരു സാധ്യത ഉണ്ടെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷെ ഗെഹലോട്ടിനും പൈലറ്റിനും ഉള്ളത്ര ഗ്രൂപ്പ് ബലം അവർക്കില്ല.  മേവാഡ്  മേഖലയിൽ സി പി ജോഷി ശ്കതനാണ്. പീസീസീ പ്രസിഡന്റും കേന്ദ്രമന്ത്രിയുമൊക്കെ ആയിരുന്ന അദ്ദേഹവും കോൺഗ്രസ്സിലെ പ്രബലൻ  ആണ്. 
കഴിഞ്ഞതിനു മുമ്പിലത്തെ തെരെഞ്ഞെടുപ്പിൽ നാഥദ്വാര മണ്ഡലത്തിൽ ഒറ്റ വോട്ടിനു തോറ്റ സീപ്പീ ജോഷി ഇത്തവണ അതെ സീറ്റിൽ നിന്ന് വിജയിച്ചു. 

കോൺഗ്രസ്സിൽ ഇപ്പോൾത്തന്നെ സ്ഥാനമോഹികളുടെ യുദ്ധം ആരംഭിച്ചു.  രണ്ടു തവണ കേന്ദ്രമന്ത്രിയും രണ്ടുതവണ മുഖ്യമന്ത്രിയും പലതവണ പ്രദേശ് കോൺഗ്രസ്സ് പ്രസിഡന്റും ഇപ്പോൾ എ ഐ സീ സീ ജനറൽ സെക്രട്ടറിയുമായ അശോക് ഗെഹ്‌ലോട്ടും,  ഇപ്പോൾ രാജസ്ഥാൻ പ്രദേശ് കോൺഗ്രസ്സ് പ്രസിഡന്റായ സച്ചിൻ പൈലറ്റും തമ്മിൽ മുഖ്യമന്ത്രി പദത്തിന് വേണ്ടിയുള്ള  ചൂടുപിടിച്ച ശീതസമരം നടക്കുന്നു. മന്ത്രി പദത്തിനു വേണ്ടിയുള്ള മറ്റു നേതാക്കന്മാരുടെ നെട്ടോട്ടം ആരംഭിച്ചു കഴിഞ്ഞു. 


രാജസ്ഥാനിലെ 200 ൽ 199 മണ്ഡലങ്ങളിൽ ആണ് തെരെഞ്ഞെടുപ്പ് നടന്നത്. 102 സീറ്റുകളിൽജയിച്ചു  കോൺഗ്രസ്സ് കേവലഭൂരിപക്ഷം നേടിയെങ്കിലും ബി എസ്  പി ക്കും ചില സ്വതന്ത്രന്മാർക്കും മന്ത്രി  സ്ഥാനം നൽകി ഭൂരിപക്ഷം ദൃഢമാക്കാനായിരിക്കും കോൺഗ്രസ്സിന്റെ ശ്രമം. 
 
അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയാവുന്നതിനു പകരം എ ഐ സീ സീ ജനറൽ സെക്രട്ടറി  സ്ഥാനത്തു തുടരുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും യുവാവായ സച്ചിൻ പൈലറ്റ് അധികാരത്തിൽ വന്നാൽ യുവാക്കളെ കൂടെ നിർത്താമെന്നും കോൺഗ്രസ്സിന്റെ രാജസ്ഥാനിലെ സ്ഥിതി കൂടുതൽ ഊർജസ്വലമാകാൻ ഇത് സഹായകരമാവുമെന്നും പരിചയ സമ്പന്നനായ ഗെഹ്‌ലോട്ട് രാഹുൽ ഗാന്ധിക്കൊപ്പം നിന്ന് പാർട്ടിയെ ശക്തിപ്പെടുത്തുന്നത് ദേശീയ തലത്തിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്നും നിരീക്ഷകർ കരുതുന്നു. 

അശോക്പ്ര ഗെഹ്ലോട്ടിനൊപ്പം രാജീവ് ഗാന്ധിയുടെ ടീമിൽ രാഷ്ട്രീയജീവിതം  ആരംഭിച്ച മുൻ കേന്ദ്ര മന്ത്രിയായ രാജേഷ് പൈലറ്റിന്റെ മകൻ ആണ് സച്ചിൻ പൈലറ്റ്. അശോക് ഗെഹ്‌ലോട്ട് എ പ്പോഴും സോണിയ ഗാന്ധിയുടെ നയങ്ങളെ പിന്താങ്ങിയിരുന്നു. പക്ഷെ രാജേഷ് പൈലറ്റ് കോൺഗ്രസ്സിലെ സ്വതന്ത്ര ശബ്ദങ്ങളിൽ ഒന്നായിരുന്നു. പൈലറ്റിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ ലോക് സഭാമണ്ഡലമായിരുന്ന ദൗസയിൽ മത്സരിച്ചു ജയിച്ചാണ് സച്ചിൻ പൈലറ്റ് തന്റെ രാഷ്ട്രീയ സ്ഥാനം ഉറപ്പിക്കുന്നത്. ജന്മം കൊണ്ട് ഉത്തർപ്രദേശുകാരൻ ആണെന്നുള്ളതാണ് പാർട്ടിയിൽ അദ്ദേഹത്തിനെ തിരായി നിൽക്കുന്ന ഒരു ഘടകം. ഗെഹ്‌ലോട്ട് - പൈലറ്റ് രാഷ്ട്രീയ തുലാഭാരത്തിൽ ഏതു തട്ട് താഴുമെന്നുള്ളത് രാഷ്ട്രീയ ലോകം ഉറ്റു നോക്കുന്നു. 

എന്തായാലും രാജസ്ഥാൻ കോൺഗ്രസ്സ് നിയമസഭാ കക്ഷിയിൽ ഒരു കനത്ത പോരാട്ടം ഉറപ്പാണ്. ആര് ജയിക്കും ? പരിചയസമ്പന്നനായ ഗെഹലോട്ടോ അതോ യുവതുർക്കിയായ സച്ചിൻ പൈലറ്റോ?  മരുഭൂമിയിലെ കോൺഗ്രസ്സ് രാഷ്ട്രീയക്കാറ്റ് ആർക്കനുകൂലമായിരിക്കും എന്ന്  കാത്തിരിക്കാം.  
written and posted by
s.salimkumar
kurumpakara

Comments

Popular posts from this blog

പി ടി ഭാസ്കരപ്പണിക്കരെ ഓർക്കുമ്പോൾ

കർണാടകത്തിൽ കരിമ്പുരാഷ്ട്രീയം കയ്ക്കുന്നു.

പുകയില ഉപയോഗം : ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണകാരണം