കേരളം സമ്പൂർണ മദ്യസാക്ഷരതയിലേക്ക് ....! നമ്മുടെ ചിഹ്നം കുപ്പി ! ഓരോ വോട്ടും കുപ്പിക്ക് .. സുഖസുഭിക്ഷമദ്യകേരളം നമ്മുടെ പരമലക്ഷ്യം

എസ് . സലിംകുമാർ 



കുടിക്കുന്തോറും വളരുകയും വളരുന്തോറും കുടിക്കുകയും ചെയ്യുന്ന കേരളം 

കുറച്ചു കാലം മുമ്പ് മദ്യശാലകൾ ജനങ്ങൾക്കു  (കുടിയസമൂഹത്തിനു) സൗകര്യപ്രദമായി വഴിയരുകിൽ  സ്ഥാപിക്കാൻ സംസ്ഥാനപാതകളെ   നാട്ടു വഴികളായി തരം താഴ്ത്തുന്ന നിലയിലേക്ക് സർക്കാരും തരംതാഴാൻ തീരുമാനിച്ചിരുന്നു . ഏതായാലും അത്രയും തരം  താഴേണ്ട എന്ന് കോടതി പറഞ്ഞത് ഭാഗ്യം. ജനജീവിതത്തെ തരംതാഴ്ത്തുന്ന ഭരണകൂടങ്ങൾ ഇതും  ഇതിലപ്പുറവും ചെയ്യും എന്ന് കോടതിക്ക് തോന്നിയിരിക്കണം. പ്രധാന വഴികൾ ചെറുവഴികളായി ഡീനോട്ടിഫൈ ചെയ്യുമ്പോൾ ഉണ്ടാവാനിടയുള്ള   പ്രശ്നങ്ങളെപ്പറ്റിയും സർക്കാരിന്റെ തലയിൽ വെളിച്ചം വീണിട്ടില്ലെന്നു തോന്നുന്നു.  

ഒരു വര്ഷം ശരാശരി പന്ത്രണ്ടായിരം കോടി രൂപയുടെ മദ്യം ബീവറെജസ് കോര്പറേഷൻ മാത്രം കേരളത്തിൽ വിൽക്കുന്നു.  മറ്റു സ്രോതസ്സുകളിലൂടെ ലഭിച്ചതുൾപ്പെടെ മലയാളികൾ കുടിച്ചു വറ്റിച്ച മദ്യക്കടലിന്റെ ആഴവും പരപ്പും ഇതിലും എത്രയോ വലുതാണ്. മദ്യക്കച്ചവടം നിർത്തിയാൽ ആപ്പീസ് പൂട്ടുന്ന സർക്കാരുകൾ മാത്രമേ കേരളം ഇതുവരെ ഭരിച്ചിട്ടുള്ളൂ. ഇനിയങ്ങോട്ടും അങ്ങനെത്തന്നെയാവും. മദ്യമില്ലാത്ത ഒരു ജീവിതം സങ്കൽപ്പിക്കാൻ പോലും പറ്റാത്ത വിശ്വപൗരന്മാർ ആണ് നമ്മൾ മലയാളികൾ. ഒരു വർഷം നമ്മൾ കുടിച്ചു തീർക്കുന്നത് എത്രായിരം കോടി രൂപയുടെ മദ്യമാണ് !

ഓരോ കൊല്ലവും മദ്യവിൽപ്പന മുൻകൊല്ലത്തേക്കാൾ ഉയരും. ഇല്ലെങ്കിൽ കേരളം പുരോഗമിക്കുന്നില്ല എന്നാണു കരുതേണ്ടത്.   കാരണം കുടിക്കുന്തോറും വളരുകയും വളരുന്തോറും കുടിക്കുകയും ചെയ്യുന്ന ഒന്നായി മാറിയിരിക്കുന്നു കേരളത്തിന്റെ പുരോഗമനസൂചിക. മദ്യത്തിന്റെ കാര്യത്തിൽ എല്ലാ സർക്കാരുകൾക്കും ഇത്ര പ്രേമം അതുകൊണ്ടാണല്ലോ. 

കേരളീയ  ജീവിതത്തിന്റെ അവിഭാജ്യ  ഘടകങ്ങൾ ആയിരുന്നു കള്ളും വാറ്റുചാരായവും. കള്ള് വിൽക്കുന്നതിന് കള്ളുഷാപ്പുകൾ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ഉണ്ടായിരുന്നു. വാറ്റുചാരായം വിൽക്കാൻ  ഷാപ്പുകൾ ഇല്ലായിരുന്നു. വാറ്റാനറിയാവുന്നവർ സ്വന്തം ആവശ്യത്തിനായി വീടുകളിൽ വച്ച് വാറ്റിയിരുന്നു. കേരളത്തിൽ പണ്ട് ഓണക്കാലത്ത് എല്ലാ വീടുകളിലും പാട്ടശർക്കരയോ കറുപ്പോട്ടിയോ വാങ്ങിയിരുന്നു. കാരണവന്മാർ അത് കലക്കി കോടയാക്കി അതിൽ മുന്തിരിയും പൂവമ്പഴവും കറുവപ്പട്ടയും  ഒക്കെയിട്ട് വാറ്റി ഓണക്കാലത്തു കുടിക്കുകയും അതിഥികൾക്ക് കൊടുക്കുകയും ചെയ്തിരുന്നു. ഇതിന്  അന്ന് നിയമനടപടികളെ  ഭയക്കേണ്ടായിരുന്നു. 
ചാരായവും കോഴിയും പുകയൂതിലുമൊക്കെ നേർച്ചയായി സ്വീകരിക്കുന്ന ആരാധാനാലയങ്ങൾ ഉണ്ട്.  ഇപ്പോൾ  ചാരായതിനു പകരം വിസ്കിബ്രാണ്ടിറംവോഡ്കജിന്നാദി മദ്യങ്ങൾ ആണ് ദൈവങ്ങൾക്കും  നേദിക്കുന്നത്.     

കേരളപ്പിറവിക്കു   ശേഷം എക്സൈസ് വകുപ്പ് ശക്തമായപ്പോൾ വാറ്റുചാരായം ഉണ്ടാക്കുന്നതും വിൽക്കുന്നതും ക്രിമിനൽ കുറ്റമായിത്തത്തീർന്നു. കേരളീയരുടെ ചാരായദാഹം ശമിപ്പിക്കുവാൻ വേണ്ടി പട്ടച്ചാരായം വിൽക്കുവാൻ സർക്കാർ നിയന്ത്രണത്തിൽ ചാരായ ഷാപ്പുകൾ എല്ലാ ഗ്രാമങ്ങളിലും തുടങ്ങി. പഞ്ചസാരമില്ലുകളിൽ ഉത്പാദിപ്പിച്ചിരുന്ന ശുദ്ധമായ സ്പിരിറ്റ് ആയിരുന്നു പട്ടച്ചാരായം. ചെറിയ തുക കൊടുത്തു നൂറു മില്ലി വാങ്ങി കഴിച്ചാൽ നന്നായി പൂസാകാമായിരുന്നു. 

മദ്യത്തിന്റെ 'ഗുണ'ത്തെപ്പറ്റി യാതൊരു ബോധ്യവും ഇല്ലാതിരുന്ന  എ കെ ആന്റണി 1996  ൽ ചാരായം നിരോധിച്ചു. പക്ഷെ 'ഇന്ത്യൻ നിർമ്മിത വിദേശമേദ്യം നിരോധിച്ചില്ല. ചാരായം മാത്രം മദ്യം ആണെന്നും  ഇന്ത്യൻ നിർമ്മിത വിദേശമദ്യം  മദ്യമല്ലെന്നും ജീവിതത്തിൽ ഒരിക്കൽപ്പോലും മദ്യം കൈകൊണ്ടുപോലും തൊട്ടിട്ടില്ലാത്ത പരമഗാന്ധിയനായ അദ്ദേഹത്തിന് എങ്ങനെ അറിവ് കിട്ടി? അല്ലെങ്കിൽ ആ അറിവ് അദ്ദേഹത്തിന് പകർന്നു കൊടുത്തത് ആരാണ്? ആരായാലും കേരളത്തിലെ സാധാരണ കുടിയാന്മാരുടെ ജീവിതം അതോടെ കുട്ടിച്ചോറായി. 

കേരളത്തിൽ ചാരായം  നിരോധിക്കപ്പെട്ടു. മദ്യനിരോധനം എന്നല്ല, ചാരായനിരോധനം എന്ന് വ്യക്തമായി ആ നിയമത്തിൽ പറയുന്നുണ്ട്. "ചാരായ നിരോധന നിയം 1996" എന്നാണു നിയമത്തിന്റെ പേര്.  അതോടെ കേരളത്തിന്റെ കഷ്ടകാലം ആരംഭിച്ചു. അതുവരെ നല്ല കള്ളു കിട്ടിക്കൊണ്ടിരുന്ന കള്ളുഷാപ്പുകളിൽ വ്യാജക്കള്ളു മാത്രം സുലഭമായി. കാരണം ചാരായം കൊണ്ട് കിട്ടുന്ന ലഹരി കള്ളിൽ നിന്ന് കിട്ടില്ല.അപ്പോൾപ്പിന്നെ കള്ളി നെ ചാരായത്തിന്റത്രയോ അതിലേറെയോ ലഹരിനിര്ഭരം ആക്കുന്നതിനായി കള്ളുകച്ചവടക്കാരുടെ പരിശ്രമം. പലതരം രാസവസ്തുക്കളും വിഷപദാർത്ഥങ്ങളും ചേർത്ത് കള്ളുകച്ചവടം പൊടിപൊടിച്ചു. അങ്ങനെ ചാരായം കുടിച്ചിരുന്നവർ വിഷക്കള്ളുകുടിയന്മാരായി പേപിടിച്ച്  അതിവേഗം ജീവിത്തത്തിന്റെ പരിധിക്കു പുറത്തായി. ശുദ്ധമായ കള്ള് മലയാളിക്ക് 'ഒരു സുന്ദരാമായ നടക്കാത്ത  സ്വപ്നം' മാത്രമായിത്തത്തീർന്നു. 

ദിവസവും വൈകുന്നേരം ജോലി കഴിഞ്ഞു ഇരുപതോ മുപ്പതോ രൂപയ്ക്കു 'നൂറു മില്ലി അടിച്ചു ' പൂസായിരുന്ന തൊഴിലാളികൾക്കും സാധാരണക്കാർക്കും ഒന്ന് മിനുങ്ങണമെങ്കിൽ ദിവസവരുമാനം തികയാതെ വന്നു. കേരളത്തിലെ  അമിതകൂലിവർധനയുടെ ചരിത്രം അവിടെ തുടങ്ങി. 

കവല തോറും തലയുയർത്തിയ ബാറുകൾ കേരളത്തിന്റെ സാംസ്കാരിക -സാമൂഹ്യ ഭൂമികകളെ കൂടുതൽ വിഷമയവും അക്രമണോത്സുവുമാക്കി. പുതിയ തലമുറയുടെ നിത്യജീവിതത്തിന്റെ അവിഭാജ്യഘടകമായി ബാറിലിരുന്നുള്ള മദ്യപാനം മാറ്റി. മദ്യപാനത്തെ ആധുനിക കേരളത്തിന്റെ ജീവിതശൈലിയുമായി ബന്ധിപ്പിച്ചുകൊണ്ട് സർക്കാർ അതിന്റെ ജനകീയമുഖത്തെ കൂടുതൽ സുന്ദരമാക്കി. 

മാറി മാറി വരുന്ന സർക്കാരുകളുടെ നിലനില്പിന്റെയും രാഷ്ട്രീയ നീക്കങ്ങളുടെയും ഗതി നിർണയിക്കുന്നതിൽ മദ്യഉത്പാദകരും മദ്യവ്യാപാരികളും പ്രധാന ഘടകമായി മാറി. നൂറു ശതമാനം സാക്ഷരതയുള്ള നാം  പഠിച്ചുപഠിച്ച്   ഒന്നും  അറിഞ്ഞുകൂടാത്തവരായി മാറി.  

ഇപ്പോൾ കേരളത്തിൽ ഏറ്റവും അധികം മദ്യം വിൽക്കുന്നത് സർക്കാർ ആണ്. മദ്യത്തിനെതിരെ ബോധവൽക്കരണം  നടത്തുന്നതും സർക്കാർ ആണ്. നമ്മൾ മലയാളികൾ ഭയങ്കര ഇരട്ടത്താപ്പുകാരാണെന്നു പണ്ടേ  എല്ലാർക്കും അറിയാം. അതിന്റെ ഗമണ്ടൻ ഉദാഹരണം ആണ് സർക്കാരിന്റെ ഉടമയിൽ ഉള്ള ബിവറേജസ് കോർപ്പറേഷനും സർക്കാർ തന്നെ നയിക്കുന്ന  മദ്യവർജ്ജന മിഷനും. ഒരു വശത്ത് കൂടി സർക്കാർ മദ്യം ഒഴിച്ച് കൊടുക്കുന്നു. 'കുടിക്കല്ലേ മക്കളേ'  എന്ന് ദിനവും കുടിച്ചു ലക്കു കെട്ടു രാവിലെ മദ്യപിച്ചില്ലെങ്കിൽ കൈ വിറയ്ക്കുന്നവരോട്  വേദം ഓതുന്നു - അതിനു വേണ്ടി ഒരു മിഷൻ . അവർ നടത്തുന്ന ബോധവൽക്കരണത്തിനു  വേണ്ടി ഓണ വാരാഘോഷത്തിലെ ഫ്ളോട്ടുകൾ,  പോസ്റ്ററുകൾ നാടെങ്ങും, ഹ്രസ്വചിത്ര മത്സരം. അങ്ങനെ അങ്ങനെ വലിയ ഒരു ' മിഷൻ' നടത്തുകയാണ് സർക്കാർ. മദ്യവർജ്ജൻ മിഷൻ നിന്ന് പോവാതിരിക്കാൻ വേണ്ടിയാണ് സർക്കാർ മദ്യവിൽപ്പന നടത്തുന്നത് എന്ന് പോലും സംശയിക്കാം.  

'സ്വന്തം' ആൾക്കാരുടെ ഡിസ്റ്റിലറികളിൽ നിർമ്മിക്കുന്ന കൂതറ ബ്രാൻഡുകൾ ഒഴിവാക്കി നല്ല മദ്യം കൊടുക്കാനുള്ള സന്മനസ്സെങ്കിലും ബിവറേജസ് കോർപറേഷൻ കാണിക്കണം. ബോധവൽക്കരണത്തെക്കാൾ നല്ലത് അതായിരിക്കും. 'ഫോറം ഫോർ ബെറ്റർ സ്പിരിറ്റ്' എന്നൊരു സംഘടന കേരളത്തിലെ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന കുടിയന്മാരിൽ ഒരാളായിരുന്ന പരേതനായ എൻ. എൽ ബാലകൃഷ്ണൻ രൂപീകരിച്ചത് ബിവറേജസ് കോർപറേഷന്റെ രൂപീകരണത്തിന് ശേഷം ആണ്.  'ബിറ്റർ' സ്പിരിറ്റ് ആണല്ലോ ഇപ്പോൾ മണിക്കൂറുകൾ ക്യൂ നിന്ന് നമ്മൾ വാങ്ങുന്നത്. 

ഇനി രണ്ടു കഥകൾ : കഥയല്ലിതു നേര് തന്നെ. 
പട്ടച്ചാരായം നിലവിലുള്ള കാലത്തും മദ്യവർജ്ജന പ്രസ്ഥാനങ്ങൾ ശക്തമായിരുന്നു. സത്യസന്ധതയും ആത്മാർത്ഥതയുള്ളവരായിരുന്നു അന്നത്തെ മദ്യവർജ്ജനപ്രസ്ഥാനത്തിൽ ഉള്ളവർ. അവർ ഇന്നത്തെ കപട മദ്യവർജ്ജനക്കാരെപ്പോലെ  മദ്യപാനികൾ ആയിരുന്നില്ല . എം പി മന്മഥനെയും ജി. കുമാരപ്പിള്ളയെയും പോലെയുള്ള തികഞ്ഞ ഗാന്ധിയന്മാർ. ഒരു കഥ ഇങ്ങനെയാണ് : 
മന്മഥൻസാറിന്റെ നേതൃത്വത്തിൽ ഒരു മദ്യവർജ്ജന മീറ്റിങ് നടക്കുന്നു. മദ്യപാനികളും അല്ലാത്തവരുമായ ഒരുപാട്‌ലെറ് കൂടിയിട്ടുണ്ട്. മന്മഥൻസാർ മേശപ്പുറത്തു രണ്ടു ചില്ലു ഗ്ളാസ്സുകൾ വച്ച്. ഒരെണ്ണത്തിൽ പട്ടച്ചാരായവും ഒരെണ്ണത്തിൽ പച്ചവെള്ളവും നിറച്ചു. രണ്ടെണ്ണത്തിലും ഓരോ കുണ്ടളപ്പുഴുവിനെ ഇട്ടു. പട്ട ചാരായത്തിലിറ്റ പുഴു ചത്തു. പച്ചവെള്ളത്തിലിട്ട പുഴു ചത്തില്ല. " ഇതിൽ നിന്നും എന്ത് മനസ്സിലായി" അദ്ദേഹം ചോദിച്ചു. ആൾക്കൂട്ടത്തിൽ നിന്നും ഒരാൾ എഴുന്നേറ്റു: " സാർ, വയറ്റിലെ കൃമികീടങ്ങളെ  കൊല്ലാൻ പട്ടച്ചാരായം പഷ്ടാണെന്നു മനസ്സിലായി". 
പട്ടച്ചാരായം കുടിക്കുന്നതിനു "മന്മഥൻ അടിക്കുക " എന്ന് കുടിയന്മാർ കളിയായി പറഞ്ഞിരുന്നു. നൂറു മില്ലി ആയിരുന്നു പാട്ടാചാരയതിന്റെ കുപ്പിഅളവ്. അതിനാൽ "സെഞ്ചുറി അടിക്കാം" എന്നും കേരളത്തിൽ ക്രിക്കറ്റ് പ്രചാരത്തിൽ വന്ന കാലത്തു യുവാക്കൾ പറഞ്ഞിരുന്നു. 

വേറൊരു സംഭവം കേരളത്തിലെ സാക്ഷരതാപ്രസ്ഥാനത്തിന്റെ മഹാഗുരുക്കന്മാരിലൊരാളും തികഞ്ഞ ഗാന്ധിയനും ആയിരുന്ന പി. എൻ. പണിക്കർ സാറിന്റെ ഒരു മീറ്റിങ്ങിൽ വച്ച് നടന്നതാണ്. മദ്യവർജ്ജനത്തിന്റെ മഹനീയതയെപ്പറ്റി സാറിന്റെ പ്രസംഗം കഴിഞ്ഞപ്പോൾ ഒരു തൊഴിലാളി (അയാൾ കട്ടവണ്ടി വലിക്കുന്ന ആളാണ്) എഴുന്നേറ്റു. "സാറേ ഞങ്ങൾ രാവിലെ മുതൽ വൈകിട്ട് വരെ കട്ടവണ്ടി വലിക്കുന്നവരാ. വൈന്നേരം ജോലിയൊക്കെക്കഴിഞ്ഞു  'ശകലം സാധനം കഴിച്ചി ല്ലെങ്കിൽ'  ഞങ്ങൾക്ക് രാവിലെ എഴുന്നേറ്റു പണിക്കു പോവാൻ പറ്റത്തില്ല. ഞങ്ങള് പണിക്കു പോയില്ലേ സാറ് ഞങ്ങൾക്ക് ചെലവിന് തരുമോ?" 

എന്തായാലും കേരളം നൂറു ശതമാനം സാക്ഷരരാണെന്നാണ് കണക്കുകൾ. (അല്ലെന്നുള്ളത് വേറൊരു കാര്യം). സാക്ഷരതകൾ പല തരത്തിൽ  ഉണ്ട്: കമ്പ്യൂട്ടർ സാക്ഷരത, നിയമ സാക്ഷരത അങ്ങനെ.. അങ്ങനെ.. പക്ഷെ ഇപ്പോൾ മറ്റു പല തരത്തിലും നമ്മൾ സമ്പൂർണസാക്ഷരരാണ് - കുറ്റകൃത്യ സാക്ഷരത, ആത്മഹത്യാ സാക്ഷരത, പീഡനസാക്ഷരത, പിന്നെ സാക്ഷാൽ സമ്പൂർണ മദ്യസാക്ഷരത.......! 

എല്ലാ മലയാളികളും കുടിച്ചു കുന്തം മറിയുന്ന സുഖസുന്ദരസുഭിക്ഷ കേരളം ആണ് നമ്മുടെ പരമലക്ഷ്യം. സമീപഭാവിയിൽ ത്തന്നെ കേരളത്തിലെ മദ്യപാനികൾ എല്ലാവരും അംഗങ്ങളാവുന്ന ഒരു രാഷ്ട്രീയപാർട്ടി ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. പാർട്ടിയുടെ തെരെഞ്ഞെടുപ്പ് ചിഹ്നത്തിന്റെ കാര്യത്തിൽ ഇപ്പോഴേ തീരുമാനം ആയിട്ടുണ്ട്- കുപ്പി!!

written and posted by 
s. salimkumar 
kurumpakara 

Comments

  1. 2019 ford fusion hybrid titanium
    2019 ford microtouch titanium trim fusion hybrid titanium. $15.95. 출장마사지 This gemstone can be used in used ford escape titanium more silicone dab rig with titanium nail traditional Egyptian dishes titanium earrings sensitive ears like Habanero and Mango Habanero.

    ReplyDelete

Post a Comment

Popular posts from this blog

പി ടി ഭാസ്കരപ്പണിക്കരെ ഓർക്കുമ്പോൾ

പുകയില ഉപയോഗം : ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണകാരണം

Poem by S.Salim Kumar Kurumpakara