മറുനാട്ടിൽ വളരുന്ന മലയാളഭാഷ

എസ് .സലിംകുമാർ 

മറുനാടൻ മലയാളികൾ മലയാളഭാഷയുടെ വളർച്ചയിൽ എന്ത് പങ്കാണ് വഹിക്കുന്നത് എന്ന അന്വേഷണം കൗതുകാവഹമാണെന്നു തോന്നുന്നു. ലോകെത്തെല്ലായിടത്തും മലയാളികൾ ഉണ്ട്. അവിടൊക്കെ ചില ഓഫീസുകളിലും ആശുപത്രികളിലും നടപ്പുഭാഷ മലയാളം ആണ്. മലയാളം മറന്നുകൊണ്ട് (അങ്ങനെ മറക്കാൻ കഴിയുമോ?) അതാതു ദേശങ്ങളിലെ ഭാഷകൾ അവിടെത്താമസിക്കുന്ന മലയാളികൾ വീട്ടിൽ സംസാരിക്കുണ്ടാവാം. അത് മലയാളിത്തത്തെ മറക്കുവാനുള്ള ശ്രമത്തെക്കാൾ വസിക്കുന്ന ഇടത്തു തന്റെ  ഇടപഴകലിന്റെ ഭാഗം ആവാം. അത്തരം കൃത്രിമമായ സാമൂഹ്യ സന്ദർഭങ്ങൾ അവിടെ ഉണ്ടാവാം. പക്ഷെ അത്തരക്കാർ  വളരെ ചെറിയ  മാത്രമേയുള്ളു.     
കേരളത്തിന് പുറത്തുള്ള  മലയാളികൽ അവർ വസിക്കുന്ന ഇടങ്ങളിലെ ഭാഷ നന്നായി കൈകാര്യം ചെയ്യുന്നു. അങ്ങനെ തദ്ദേശീയരുടെ കൂടെ ഇടപഴകുന്നതിലൂടെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ഇഴുകിച്ചേർന്നു ജീവിക്കുന്നു. അതെ സമയം തന്റെ മലയാളിത്തം കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു.  തൻ വസിക്കുന്ന പ്രദേശത്തെ ഭാഷയിൽ ഇറങ്ങുന്ന പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വായിക്കുന്നു, ആ ഭാഷയിലെ മികച്ച കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നു. അങ്ങനെ മറുനാടൻ മലയാളികൾ വിവർത്തനത്തിലൂടെത്തന്നെ വലിയൊരു ഭാഷാസംസ്കാരം സ്ഥാപിച്ചിട്ടുണ്ട്. മലയാളത്തിൽ നിന്ന് മറുനാടൻ ഭാഷകളിലേക്കും ഇങ്ങനെ നൂറുകണക്കിന് പുസ്തകങ്ങൾ മറുനാടൻ മലയാളികൾ വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയൊക്കെ മറുനാട്ടിലായാലും മലയാളിയുടെ ഭാഷാസ്നേഹം കുറയില്ലെന്നുള്ളതിന്റെ തെളിവുകൾ ആണ്.  

മലയാളി എവിടെ ഉണ്ടോ   അവിടെ ഒരു മലയാളി സമാജം ഉണ്ടാവും. അതാത്സ്ഥലത്തിന്റെ പേരുമായി ബന്ധപ്പെടുത്തി കേരളം സമാജം, മലയാളി സമാജം തുടങ്ങിയ പേരുകളിൽ അനവധി മലയാളിസംഘടനകൾ കേരളത്തിന് പുറത്തു ലോകവ്യാപകമായി ഉണ്ട്. ഇവിടെയെല്ലാം കേരളത്തിലുള്ള മിക്കവാറും എല്ലാ ജാതിമതവിഭാഗങ്ങൾക്കും അവരവരുടേതായ കേരളീയ സമുദായിക സംഘടനകളുടെ ഘടകങ്ങൾ ആയും അല്ലാതെയും ഉള്ള സംഘടനകളും ആരാധാനാലയങ്ങളും ഉണ്ട്. ഓരോ സംഘടനയും വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു. അംഗങ്ങളുടെ കലാപരിപാടികളും കലാ കായിക മത്സരങ്ങളും പൊതു പരിപാടികളും വലിയ തോതിൽ സംഘടിക്കപ്പെടുന്നു.  കേരളത്തിൽ നിന്നുള്ള കലാകാരന്മാർക്കും , രാഷ്ട്രീയ നേതാക്കൾക്കും  സാഹിത്യകാരന്മാർക്കുമൊക്കെ ഏറ്റവും വലിയ സദസ്സുകൾ ലഭിക്കുന്നതു മറുനാട്ടിലാണ്. നാട്ടിൽ ലഭിക്കുന്നതിനേക്കാൾ വലിയ അംഗീകാരങ്ങളുംആദരവും ഇവർക്ക് മറു നാട്ടിൽ ലഭിക്കുന്നു. മലയാളത്തെ നില നിർത്താൻ മറുനാടൻ മലയാളികൾ  അറിഞ്ഞും അറിയാതെയും ചെയ്യുന്ന വലിയ പങ്കിനെപ്പറ്റി കേരളത്തിലുള്ളവർക്കു വലിയ ധാരണ ഇല്ല. കേരളത്തിന്റെ സമ്പദ്ഘടനയും മലയാളഭാഷയും നശിക്കാത്ത നിൽക്കുന്നത് മറുനാടൻ മലയാളികൾ കാരണമാണ്. കേരളത്തിലുള്ളവർ മലയാളിത്തം മറക്കുമ്പോഴും മറുനാടൻ മലയാളിയുടെ മനസ്സിൽ മലയാളം ഉണ്ട്. അത് കൊണ്ടാണ് മറുനാടൻ മലയാളിയായിരുന്ന എം. മുകുന്ദന് മയ്യഴിപ്പുഴയുടെ തീരങ്ങൾ  എഴുതാൻ കഴിഞ്ഞത്. മുകുന്ദൻ മയ്യഴിയിൽത്തന്നെ കഴിഞ്ഞു കൂടിയുരുന്നെങ്കിൽ ആ നോവൽ മറ്റൊരു രൂപത്തിൽ ആവുമായിരുന്നു. ഇതൊരു വലിയ ഉദാഹരണം മാത്രമാണ്. 

മറുനാട്ടിൽ മലയാളികളുടെ പ്രധാന സാമൂഹ്യ സാംസ്കാരിക വേദികൾ ഒരുക്കുന്നത് സംഘടനകൾ ആണ്. സ്‌കൂളുകളും കോളജുകളും അടങ്ങുന്ന വിദ്യാഭ്യാസ സമുച്ചയങ്ങളുള്ള മലയാളി സംഘടനകളും വ്യക്തികളും മറുനാടുകളിൽ ധാരാളം ഉണ്ട്. അവിടൊക്കെ മലയാളഭാഷയും സാഹിത്യവും മലയാളിത്തവും എല്ലാ ആഘോഷിക്കപ്പെടുന്ന. ഇവിടെ നടക്കുന്ന സാഹിത്യ മത്സരങ്ങളിലൂടെ മലയാള ഭാഷയുടെ വ്യാപനം നന്നായി നടക്കുന്നുണ്ട്. 

കർക്കിടകത്തിൽ എഴുത്തച്ഛന്റെ രാമായണം മറുനാടുകളിൽ ധാരാളമായി വായിക്കപ്പെടുന്ന. ഓരോ വർഷവും ഇറങ്ങുന്ന ഭാഷാപിതാവിന്റെ രാമായണം ആയിരക്കണക്കിന് കോപ്പികൾ മറുനാടൻ മലയാളികൾ വാങ്ങുന്നു. ജാതി മത ഭേദമെന്യേ എല്ലാവരും മലയാളം ക്‌ളാസ്സുകളിൽ പങ്കെടുക്കുന്നു. (മലയോളം മിഷന്റെ ഒരു പരീക്ഷയ്ക്ക് കുട്ടികൾ ഇല്ലാഞ്ഞു, സ്വന്തം നിലയ്ക്ക് മലയാളം ക്‌ളാസ്സുകൾ നടത്തുന്ന ഒരു സംഘടനയുടെ കുട്ടികളെ കൂട്ടത്തോടെ പരീക്ഷയ്ക്കിരുത്തിയ സംഭവം ഉണ്ടായിട്ടുണ്ട്.)

മലയാള മിഷൻ ലോക വ്യാപകമായി പ്രവർത്തിക്കുന്നുണ്ട്. നോർക്കയുടെ ഓഫീസുകൾ ഉണ്ട്. അക്കാദമിയുടെ പരിപാടികൾ നടക്കാറുണ്ട്. പക്ഷെ കേരളത്തിനു  പുറത്തു പ്രവർത്തിക്കുന്ന എല്ലാ സർക്കാർ ഏജൻസികളും സംയോജിച്ചു പ്രവർത്തിച്ചു രജിസ്റ്റർ ചെയ്ത സംഘടനകളുടെ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട്   മലയാളം മിഷന്റെ പ്രവർത്തനങ്ങൾ നടത്തിയാൽ 'എഴുത്തും വായനയും അതിന്റെ പരീക്ഷയും' എന്നതിൽക്കവിഞ്ഞു  ഭാഷയുടെ സാംസ്കാരികാവിനിമയശേഷി ലക്ഷ്യമാക്കണം.   

മലയാളം മാത്രം പഠിപ്പിക്കുവാൻ ഉദ്ദേശിച്ചുള്ള സ്‌കൂളുകൾ മലയാളി സംഘടനകളുടേതായി മറുനാടുകളിൽ ഉണ്ടായിരുന്നു. ഇപ്പോൾ അത്തരം സ്‌കൂളുകൾ ഒക്കെ ഇംഗ്ലീഷ്  മീഡിയം സ്‌കൂളുകൾ ആയി മാറി. പുതു തലമുറയ്ക്ക് മലയാള പഠനം കൊണ്ട് പ്രയോജനം ഇല്ല എന്നുള്ള 'തിരിച്ചറിവിൽ' നിന്നാണ് ഇങ്ങനെ സംഭവിച്ചത്. മറുനാട്ടിലേക്കുള്ള മലയാളികളുടെ പോക്ക് കുറയാത്തിടത്തോളം കാലം മറുനാട്ടിൽ മലയാളഭാഷാ ഭദ്രമായിരിക്കും കേരളത്തിലെ മലയാളികൾ മലയാളം പഠിക്കാതിരുന്നാളും നാല്പതുലക്ഷം അന്യദേശതൊഴിലാളികൾ ഉൾപ്പെടെ കേരളത്തിലുള്ള അരക്കോടിയോളംഇതും  അന്യദേശക്കാർ മലയാളത്തെ നില നിർത്തും. അവർ മലയാളം നന്നായി പഠിക്കുന്നുണ്ട്.

മിമിക്രിക്കാർ മുതൽ മെഗാസ്റ്റാറുകൾ വരെയുള്ള സിനിമാക്കാരും  ഒരു കവിത മാത്രമെഴുതിയ ആൾ മുതൽ മഹദ്ഗ്രന്ഥങ്ങൾ എഴുതിയവർ വരെയുള്ള സാഹിത്യകാരന്മാരും ഒക്കെ ഈ വേദികളിൽ ആദരം ഏറ്റു വാങ്ങുന്നു. അതാത് ഇടങ്ങളിലെ എഴുത്തുകാർ ഒറ്റയ്ക്കും കൂട്ടായും നടത്തുന്ന സാഹിത്യ പ്രവർത്തനങ്ങൾ - കൃതികളുടെ വായനയും ചർച്ചയും, കവിയരങ്ങ്, സംവാദങ്ങൾ, മത്സരങ്ങൾ ഇവയൊക്കെ -   ഇവിടെ നിരന്തരം നടക്കുന്നു. ഓണാഘോഷപരിപാടികൾ ചിങ്ങം മുതൽ തുലാം കഴിയുന്നതുവരെ വിവിധ ഇടങ്ങളിൽ നടക്കും ഇവിടൊക്കെ പാട്ടും, കഥയും, കവിതയും, എഴുത്തുകാരും, പ്രസിദ്ധീകരണങ്ങളും ഉണ്ടായിരിക്കും. അന്യദേശങ്ങളിൽ മലയാളം വളരുന്നു. സ്വന്തം നിലയ്ക്കും കൂട്ടായും പ്രസാധകരിലൂടെയും ഒക്കെ മറുനാടൻ മലയാളികളുടേതായി ആയിരക്കണക്കിന് പുസ്തകങ്ങൾ വര്ഷം തോറും ഇറങ്ങുന്നുണ്ട്. 

ചില പത്രങ്ങൾക്കു മറുനാടൻ എഡിഷനുകൾ ഉണ്ടല്ലോ. അവയിൽ മിക്കതിന്റെയും എഡിഷൻ പേജുകളിലെ വാർത്തകളുടെ പ്രധാന സ്രോതസ്സ് സംഘടനകളുടെ പരിപാടികളുടെ പ്രസ് റിലീസ് ആണെന്ന് കാണാം. പത്രങ്ങളുടെ സർക്കുലേഷന്റെയും പ്രധാന ബലം സംഘടനകൾ ആണ്. അതിനാൽ സംഘടനകളെയോ അവയുടെ ഭാരവാഹികളെയോ പിണക്കാതെ പത്രപ്രവർത്തനത്തെക്കാൾ നയതന്ത്രം ആണ് കേരളത്തിലെ മലയാള പത്രങ്ങളുടെ മറുനാടൻ എഡിഷനുകളിൽ ജോലി  പത്രപ്രവർത്തകർക്ക് നടപ്പാക്കാനുള്ളത്. മലയാളിസംഘടനകളുടെ പ്രവർത്തനത്തെ വിമർശിക്കണമെന്നില്ല ചില കാര്യങ്ങൾ റിപ്പോർട്ട് ചെയ്താൽ മതി അത് സർക്കുലേഷനെ  ബാധിക്കും. അതിനാൽ മലയാളികളുടെ നന്മയ്ക്കുതകുന്ന വിമര്ശനപരമായതോ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതോ ആയുള്ള പല  വാർത്തകളും  റിപ്പോർട്ടുചെയ്യാപ്പെടാതെ പോകുന്നുണ്ട്. ചില മാധ്യമപ്രവർത്തകർ സംഘടനകളുടെ അധീനതയിൽ ആയിപ്പോകുന്നു. മറുനാടൻ എഡിഷനുകളുടെ പരാധീനത ആണിത്.  കേരളത്തിന് പുറത്തു ആദ്യമായി തുടങ്ങിയ മറുനാടൻ എഡിഷൻ ഉൾപ്പെടെ ചില പത്രങ്ങൾ മറുനാട്ടിൽ പലേടത്തും എഡിഷനുകൾ പൂട്ടി. ഇതിന്റെ പ്രതിധാന കാരണം മൗലികമായ വാർത്താ ശേഖരണത്തിന്റെ അഭാവം ആണ്. മലയാള പത്രപ്രവർത്തനത്തെ സംബന്ധിച്ച ഈ വശം പക്ഷെ മറുനാട്ടിൽ ഭാഷയെ  ബാധിക്കുമെന്ന് തോന്നുന്നില്ല. ചില പത്രങ്ങൾ അവരുടെ മറുനാടൻ എഡിഷന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭം പോലുള്ള ഭാഷാ പ്രവർത്തനങ്ങൾ നടത്താറുണ്ട്. 

മറുനാട്ടിൽ നിന്നിറങ്ങുന്ന പത്രമാസികകളിൽ കൂടുതലും മലയാളി സംഘടനകളുടെ മുഖപത്രങ്ങളോ സാഹിത്യ പ്രസിദ്ധീകരണങ്ങളോ ആണ്. തികഞ്ഞ പത്രപ്രവർത്തന സ്വഭാവമുള്ള പ്രസിദ്ധീകരണങ്ങൾ കുറവാണ്. സ്വന്തം കഥകൾ സത്യസന്ധമായും അല്ലാതെയും ഒക്കെ അവതരിപ്പിക്കുന്ന സ്വയം പ്രസിദ്ധീകരിക്കുന്ന വലുതും ചെറുതുമായ നിരവധി പുസ്തകങ്ങൾ മറുനാടൻ മലയാളികളുടേതായി ഇറങ്ങുന്നുണ്ട്. നിലവാരം പുലർത്തുന്ന കൃതികൾ അവയിൽ ധാരാളം ഉണ്ട്. നിരൂപകരും മാധ്യമങ്ങളും ഇവരെയൊക്കെ പുറന്തള്ളുന്നു എന്ന് ചിലർക്ക് പരാതിയുണ്ട്. മുകുന്ദനോ, ഓ.വി.വിജയനോ, സക്കറിയയെ, എം പി നാരായണ പിള്ളയോ പോലുള്ള ഇന്ത്യയിൽത്തന്നെയുള്ള മറുനാടൻ മലയാളികളുടെയോ  ഭരദ്വാജ്, ബെന്യാമിൻ മുതലായ വിദേശ മറുനാടൻ  മലയാളികളുടെയോ കൃതികളുടെ  നിലവാരവും സ്വീകാര്യതയും ഉള്ള രചനകൾ കേരളത്തിന് പുറത്തു നിന്ന് വിരളമായേ  ഇറങ്ങുന്നുള്ളു.  

കേരളത്തിന് പുറത്തുള്ള മലയാള പ്രസിദ്ധീകരണങ്ങളുടെ (അച്ചടിക്കുന്നവയും ഓൺലൈനിൽ ഉള്ളവയും) കണക്കെടുത്താൽ ആയിരക്കണക്കിനു വരും. കേരളത്തിൽ വായിക്കപ്പെടുന്നതിലേറെ പുസ്തകങ്ങൾ മറുനാട്ടിൽ വായിക്കപ്പെടുന്നുണ്ട്. പല മികച്ച കൃതികളുടെയും ചർച്ചകൾ അവ ഇറങ്ങി ദിവസങ്ങൾക്കുള്ളിൽ നടത്തുന്ന സംഘടനകൾ ഉണ്ട്. മറുനാടൻ മലയാളികൾക്ക് മലയാള പഠനത്തിനുള്ള പുസ്തകങ്ങൾ സ്വന്തം നിലയ്ക്ക് അച്ചടിച്ചു  പ്രചരിപ്പിക്കുന്ന വ്യക്തികളും സംഘടനകളും ധാരാളം ഉണ്ട്. 

ആറു  മലയാളിക്ക് നൂറു മലയാളം എന്നത് മലയാളിയുടെ ഒരുമയില്ലായ്മയെ കുറിക്കുന്നതല്ല, മലയാള ഭാഷയുടെ വളർച്ചയെ കുറയ്ക്കുന്നതാണ്. ഒരു മലയാളി ' ഒരു എഴുത്തുകാരൻ, രണ്ടു മലയാളി ഒരു സംഘടന, മൂന്നു മലയാളി രണ്ടു സംഘടന' എന്നതാണ് മറുനാട്ടിലെ മലയാളികളുടെ സ്ഥിതി എന്ന് എല്ലാവര്ക്കും അറിയാം. സംഘടനകൾ തമ്മിൽ എത്രയൊക്കെ ഭിന്നതകൾ ഉണ്ടെങ്കിലും അവരവരുടെ നിലയ്ക്ക് കലാ സാംസ്കാരിക പ്രവർത്തനങ്ങൾ എല്ലാ സംഘടനകളും നടത്താറുണ്ട്. സംഘടനകളുമായി ബന്ധപ്പെടുത്താതെ മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും മറുനാട്ടിലെ വളർച്ചയെ പറ്റി ആലോചിക്കാൻ കഴിയില്ല. 

മലയാളഭാഷയുടെ ഭാവി കേരളത്തിന് പുറത്താണ് എന്നതാണ് ഇനിയത്തെ കാലത്തു കാണാൻ പോകുന്നത്. കേരളത്തിന് പുറത്തേക്കു ജോലിയന്വേഷിച്ചു പോകുന്നവരിൽ ഭൂരിഭാഗവുംമലയാളം മാത്രം നന്നായി സംസാരിക്കുവാൻ അറിയുന്നവർ ആയിരിക്കും. കേരളത്തിൽ കോളജ് വിദ്യാഭ്യാസം ചെയ്തിട്ട് മറുനാട്ടിലെതി ഇംഗ്ലീഷ്  അറിയാത്തതിനാൽ  ജോലികിട്ടാതെ പോവുന്നവരുമു ണ്ട്. നാട്ടിൽ ജനിച്ചു വളര്ന്നു ഹൈസ്‌കൂൾതലം വരെയെങ്കിലും മലയാളം പഠിക്കുകയും മലയാളം സംസാരിക്കുകയും ചെയ്ത ആർക്കും ഏതു നാട്ടിൽ എത്തിയാലും മലയാളം മറക്കാൻ കഴിയില്ല.എപ്പോഴും പറ്റിയില്ലെങ്കിലും ഓണക്കാലത്തെങ്കിലും ഏതു മലയാളിയും തനി മലയാളി ആവും. 

മറുനാട്ടിലെ മലയാളഭാഷയെപ്പറ്റിയുള്ള പ്രശ്നം യഥാർത്ഥത്തിൽ പുതു തലമുറയുടെ കാര്യത്തിൽ ആണ്. വീട്ടിലേക്കാളേറെ സമയം വിദ്യാലയങ്ങളിൽ ചെലവഴിക്കുന്ന മലയാളി കുട്ടികൾക്ക്  തദ്ദേശീയ ഭാഷയാവും പ്രധാന ആശയ വിനിമയ മാർഗം. വീട്ടിൽ മലയാളം സംസാരിക്കാൻ അറിയാമെങ്കിലും അവർക്കു മലയാളം എഴുതാനും വായിക്കാനും അറിയില്ല. അവരെ മലയാളം പഠിപ്പിക്കുകയെന്നത് പ്രയാസമാ ഉള്ള കാര്യം ആണ്. അവർക്കു ശേഷം ഉള്ള തലമുറ മലയാളം സംസാരിക്കാൻ പോലും അറിയാത്തവർ ആയിരിക്കും. പുതു തലമുറയെ കുട്ടിക്കാലം മുതൽ അഭിസംബോധന ചെയ്യുന്ന തരത്തിലാണ് മലയാളം പ്രവർത്തനങ്ങൾ വിഭാവന ചെയ്തിട്ടുള്ളത്.  

മലയാള സിനിമ സ്ഥിരമായി പ്രദശിപ്പിക്കുന്ന നിരവധി തിയ്യേറ്ററുകൾ മറുനാടുകളിൽ ഉണ്ട്. മലയാളം ചാനലുകളിലൂടെയും മറുനാടൻ മലയാളികളുടെ  സാംസ്കാരിക വിനിമയം നടക്കുന്നു. മറുനാട്ടിലെ നിരവധി പരിപാടികൾ മലയാളം ചാനലുകളിൽ  വരുന്നുണ്ട്. ചാനലുകളുടെ ആഭിമുഖ്യത്തിൽ ടോക്ക് ഷോ മുതൽ താരനിശ വരെയുള്ള പരിപാടികൾ നടക്കാറുണ്ട്.  

വാർത്താ വിനിമയ സൗകര്യം ഇത്രമാത്രം വർധിച്ച ഇക്കാലത്തു മലയാളം എല്ലാ മാധ്യമങ്ങളിലൂടെയും അതിന്റെ വളർച്ചയുടെ പുതയ ദിശകളിലേക്ക് നീങ്ങുകയാണ്. അതിൽ മറുനാട്ടിലെ മലയാളികളുടെ ഭാഷാ സാംസ്കാരിക പ്രവർത്തനങ്ങൾക്കു വലിയ പങ്കാണുള്ളത്. കേരളത്തിന് പുറത്തു പ്രവർത്തിക്കുകയും പരിപാടികൾ നടത്തുകയും ചെയ്യുന്ന കേരളം സർക്കാർ ഏജൻസികളുടെ സംയോജിച്ചുള്ള പ്രവർത്തനവും കുറ്റമറ്റ രീതിയിലുള്ള സംഘാടകത്വും കൊണ്ട് മറുനാടൻ മലയാളികളുടെ ഭാഷാ-കലാ-സാംസ്കാരിക ബോധത്തെ കൂടുതൽ ഊർജസ്വലമാക്കാൻകഴിയും. ഇതിനു സർക്കാർ ഏജൻസികൾ കുറേക്കൂടി സുതാര്യമായി പ്രവർത്തിക്കേണ്ടതുണ്ട്. 


written & posted by 
s.salimkumar  
kurumpakara 

Comments

Popular posts from this blog

പി ടി ഭാസ്കരപ്പണിക്കരെ ഓർക്കുമ്പോൾ

കർണാടകത്തിൽ കരിമ്പുരാഷ്ട്രീയം കയ്ക്കുന്നു.

പുകയില ഉപയോഗം : ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണകാരണം