'പണിക്കർ വിപ്ലവം' - സാക്ഷരലോകത്തിന്റെ കേരളമാതൃക

എസ്. സലിംകുമാർ 






ഡിജിറ്റൽ മാധ്യമങ്ങളിലൂടെ നിയന്ത്രിക്കപ്പെടുന്ന ലോകത്ത്  എത്തരം സാക്ഷരതാ പ്രവർത്തനങ്ങൾ ആണ് അനുവർത്തിക്കേണ്ടതെന്നുള്ള വിഷയത്തിൽ ആഗോള തലത്തിൽ ഉള്ള സമ്മേളനം യുനെസ്കോ (UNESCO - The United Nations Educational, Scientific and Cultural Organization)  കഴിഞ്ഞ വർഷം 
​നടത്തിയിരുന്നു ​.

ഡിജിറ്റൽ സാങ്കേതികവിദ്യ മനുഷ്യജീവിതത്തെ അടിസ്ഥാനപരമായി മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. ഇൻഫർമേഷൻ, വിജ്ഞാനവിതരണം,നെറ്റ് വർകിങ്, സാമൂഹ്യസേവനം, വ്യാവസായിക ഉത്പാദനം, തൊഴിൽ രീതികൾ ഇവയെല്ലാം ഡിജിറ്റൽ സാങ്കേതികവിദ്യയ്ക്കനുസരിച്ചു വലിയ മാറ്റങ്ങൾക്കു വിധേയമായിട്ടുണ്ട്. അതിനനുസരിച്ചു  മുന്നേറാൻ കഴിയാത്തവർ സമൂഹത്തിൽ അരികുവൽക്കരിക്കപ്പെടും. അതിനാൽ ത്തന്നെ സാക്ഷരതയുടെ ആവശ്യകത മുമ്പെന്നത്തെക്കാളും അനിവാര്യമാണ്. ലോകത്തു നൂറുകോടിയിലധികം ജനങ്ങൾ ഇപ്പോഴും എഴുത്തും വായനയും അറിഞ്ഞുകൂടാത്തവർ ആണ്. അതിൽ പകുതിയും ഇന്ത്യയിൽ ആണ്. അതായത് ലോകത്ത് എഴുത്തും വായനയും അറിഞ്ഞു കൂടാത്ത  രണ്ടിൽ ഒരാൾ ഇൻഡ്യാക്കാരൻ ആണ്. 

സെപ്തംബര് 8 ലോക സാക്ഷരതാ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത് 1965  നവംബർ 17  നു ആണ്. വ്യക്തികൾക്കും സമൂഹങ്ങൾക്കും സാക്ഷരതയുടെ പ്രാധാന്യത്തെപ്പറ്റിയുള്ള ബോധനം നൽകുക എന്നതായിരുന്നു സാക്ഷരതാ ദിനത്തിന്റെ ഉദ്ദേശ്യം. 

പി. എൻ. പണിക്കർ 

1987 ഏപ്രിലിൽ അന്നത്തെ സ്റ്റേറ്റ് റിസോർസ് സെന്റർ ആയിരുന്ന കാൻഫെഡിന്റെ നേതൃത്വത്തിൽ മഞ്ചേശ്വരം മുതൽ കന്യാകുമാരി വരെ നടത്തിയ സാക്ഷരതാജാഥ നെയ്യാറ്റിൻകരയിൽ ഗാന്ധിയൻ രാമചന്ദ്രന്റെ വസതിയിൽ എത്തി. ജാഥാംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു :  കേരളം കണ്ടു കൊണ്ടിരിക്കുന്നത് 'പണിക്കർ വിപ്ലവം 'ആണ്  - രണ്ടു പണിക്കർമാർ ചേർന്ന് നടത്തുന്ന വിപ്ലവം. പി.ടി.ഭാസ്കര പണിക്കരും പി എൻ. പണിക്കരും"

ആ ജാഥയിൽ പങ്കെടുത്തവരിൽ പലരും അവരവരുടെ ജീവിത മേഖലകളിൽ മികച്ച സംഭാവനകൾ നടത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് കേരളത്തിലെ പ്രണയലോകത്തിന്റെ പ്രതീകമായി മാറിയ കാഞ്ചന കൊറ്റങ്ങൽ എന്ന കാഞ്ചനമാല അന്നത്തെ സാക്ഷരതാ ജാഥയിൽ പങ്കെടുത്തിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ടു സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നൂറു ദിവസത്തെ റെസിഡെൻഷ്യൽ ക്യാംപിൽ പങ്കെടുത്ത മുപ്പത്തിരണ്ട് പേരിൽ ഒരാളായിരുന്നു കാഞ്ചനമാല. അന്ന് തന്നെ കാഞ്ചനയുടെ പ്രണയകഥ ക്യാംപംഗങ്ങൾ അറിഞ്ഞിരുന്നു. പ്രണയിനി എന്നതിനപ്പുറം ശക്തയായ ഒരു സാമൂഹ്യ പ്രവർത്തക എന്ന നിലയിൽ ക്യാംപിൽ എല്ലാവരുടെയും ആദരവ് പിടിച്ചു പറ്റുവാൻ 'കാഞ്ചനച്ചേച്ചിക്കു കഴിഞ്ഞിരുന്നു. സ്വന്തം നാട്ടിലെ വഴിപിഴച്ചു പോവാൻ വിധിക്കപ്പെട്ട സ്ത്രീകളെ  ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരുവാൻ അവർ നടത്തിയ ധീരമായ ബോധവത്കരണ പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്തതാണ്. സാക്ഷരതായുടെ ശരിയായ അർഥം ഗ്രഹിച്ചിട്ടുള്ള അപൂർവം സാക്ഷരതാപ്രവർത്തകരിൽ ഒരാളാണ് കഞ്ചമാല. കാൻഫെഡിലൂടെത്തന്നെ വളർന്നു വന്ന നേതൃത്വമാണ് സി. കെ. ജാനുവും.  

നൂറു ശതമാനം സാക്ഷരർ ആണ് മലയാളികൾ എന്ന് നാം ആഘോഷിക്കുന്നു. എന്താണ് സാക്ഷരത? സ്വന്തം പേരെഴുതി ഒപ്പിടാൻ കഴിഞ്ഞാൽ സാക്ഷരതാ ആയോ? സ്വന്തം ഭാഷയിലെ അക്ഷരങ്ങൾ എഴുതാനും വായിക്കാനും പഠിച്ചാൽ സാക്ഷരതാ ആവുമോ? എഴുതാനും  വായിക്കാനും പഠിച്ചത്‌ മാത്രം സാക്ഷരഥാ ആവുമോ? സാക്ഷരതയുടെ ലക്‌ഷ്യം എന്താണ്? സാക്ഷരതയെ  ഒറ്റ വാക്കിൽ വ്യാഖ്യാനിച്ചാൽ അതിനെ സ്വയം പര്യാപ്തത എന്നു  പറയാം. സ്വന്തം അവകാശങ്ങളെപ്പറ്റി അറിവ് ഉണ്ടാവുക. ഏതൊരു സർക്കാർ സംവിധാനത്തിലും തനിക്കുള്ള അവകാശങ്ങളെപ്പറ്റി ബോധവാൻ ആവുകയും മറ്റൊരാളിന്റെ സഹായം ഇല്ലാതെ പൗരൻ എന്ന നിലയിൽ ഏതു സർക്കാർ ഉദ്യോഗസ്ഥനെയും ഭരണാധികാരിയെയും നേരിട്ട് കാണുവാനുള്ള ആത്മവിശ്വാസവും തന്റെ അവാകാശങ്ങൾക്കു വേണ്ടി വാദിക്കുവാനും ഉള്ള അറിവും  ആർജിക്കുവാൻ കഴിയുക.അങ്ങനെ പൗരൻ എന്ന നിലയിൽ സ്വയംപര്യാപ്തർ  ആകുവാൻ കഴിയുക.  ഇതാണ് സാക്ഷരതയുടെ പരമ ലക്‌ഷ്യം. ഈ തലത്തിലേക്ക് നമ്മുടെ സാക്ഷരതാ എന്നാണു എത്തുക? 

​പി. ടി. ഭാസ്കരപ്പണിക്കർ 
ഇടനിലക്കാർ പ്രത്യേകിച്ചും രാഷ്ട്രീയക്കാരായ ഇടനിലക്കാർ ഇല്ലാതെ പഞ്ചായത്ത്  തലം മുതൽ കേന്ദ്രതലം  വരെ ഉള്ള സർക്കാർ സംവിധാനത്തെ സമീപിക്കുവാൻ പൗരന്മാർക്ക് കഴിയുന്നുണ്ടോ? അതിന് അവരെ ഇന്നത്തെ രാഷ്ട്രീയ സംവിധാനം അനുവദിക്കുന്നുണ്ടോ ? 

രാഷ്ട്രീയക്കാരന്റെ യഥാർത്ഥ കടമ എന്താണ്? എഴുത്തും വായനയും അറിഞ്ഞു കൂടാത്തവരെ എഴുത്തും വായനയും പഠിപ്പിച്ചു സ്വയംപര്യാപ്തമാക്കേണ്ടത് രാഷ്ട്രീയ പ്രവർത്തകന്റെ കടമയാണ്. മിക്ക രാഷ്ട്രീയ പാർട്ടികളുടെയും ഭരണഘടനയിൽ ഇത് കാണാം. പക്ഷെ അധികാര ദല്ലാൾ എന്ന തരാം താണ പദവിയിൽ ആണ് രാഷ്ട്രീയ പ്രവർത്തകർ ഇന്ന് ജീവിക്കുന്നത്. ഉദ്‌ബോധകർ ആവാനോ നല്ല പ്രചോദകർ ആവാനോ അവർക്കു കഴിയുന്നില്ല. ഇത് അടിസ്ഥാനപരമായി നമ്മുടെ സാക്ഷരതാ വീക്ഷണത്തിന് പറ്റിയ തകരാർ കൊണ്ട് സംഭവിച്ചതാണ്. 

കേരളത്തെ  നൂറു ശതമാനം സാക്ഷരമാക്കുന്നതിൽ ഈ രണ്ടു പണിക്കർമാരും ചേർന്ന് നേതൃത്വം നൽകിയ  ഐതിഹാസികമായ പ്രവർത്തനങ്ങൾ ആണ് കാരണമായത്. കാൻഫെഡ് (KANFED - Kerala Association For   Non -formal  Education  and Development ) അഥവാ കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി) കേരളത്തിലെ അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ അച്ചുതണ്ടായിരുന്നു. അതിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നത് പി എൻ പണിക്കരും പി.ടി.ഭാസ്കര പണിക്കരും ആയിരുന്നു. കൂടെയുള്ളത് പ്രൊഫ . കെ.ശിവദാസൻ പിള്ള, ഡോ. എൻ. എ കരിം തുടങ്ങിയ വിദ്യാഭ്യാസ വിചക്ഷണരും. 

കേരളത്തിലെ വായനശാലകളും അംഗൻവാടികളിലും മഹിളാ സമാജങ്ങളിലും, എന്ന് വേണ്ട, ആളുകൾ സംഘടിക്കുന്നു ഇടങ്ങളിൽ എല്ലാം സാക്ഷരതാ പ്രവർത്തനം നടത്താൻ കാൻഫെഡിന് കഴിഞ്ഞു. കാൻഫെഡിന്റെ പ്രവർത്തനങ്ങൾ നടന്ന മുക്കിലും മൂലയിലും ഉള്ള ആബാലവൃദ്ധം നിരക്ഷരർ അക്ഷരലോകത്തേക്കു വന്നു. ബോധവത്കരണം എന്ന ഏകമന്ത്രത്തിൽ കേന്ദ്രീകരിച്ചു ജനബോധത്തെ വളർത്തുവാനുള്ള പരിപാടികൾ കാൻഫെഡ് സംഘടിപ്പിച്ചു.

മറ്റു സംസ്ഥാനങ്ങളിൽ  സർവ്വകലാശാലകളോ മറ്റു സർക്കാർ ഏജൻസികളോ ആയിരുന്നു അനൗപചാരിക വിദ്യാഭ്യാസത്തിന്റെ നടത്തിപ്പുകാർ. പക്ഷെ കേരളത്തിൽ മാത്രം അത് ഒരു സന്നദ്ധസംഘടന  ആയിരുന്നു - കാൻഫെഡ്. കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലും എല്ലാം കാൻഫെഡ് എന്ന സാക്ഷരതാ പ്രസ്ഥാനം തഴച്ചു വളർന്നു. കാൻഫെഡിലൂടെ പൊതുപ്രവർത്തന രംഗത്തു വന്ന സി. കെ. ജാനുവും കാഞ്ചനമാലയും മറ്റും സാമൂഹ്യ പ്രവർത്തന രംഗങ്ങളിൽ വരുത്തിയ മാറ്റങ്ങൾ ഇനിയും പഠനവിധേയമാക്കേണ്ടതുണ്ട്. 
സി കെ ജാനു                            കാഞ്ചന കൊറ്റങ്ങൽ  
1990 ൽ കേരളം സമ്പൂർണ്ണസാക്ഷരത നേടിയ ആദ്യത്തെ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ ചരിത്രം കാൻഫെഡിന്റെ ചരിത്രം കൂടിയാണ്. പി ടി ഭാസ്കരപ്പണിക്കരും എൻ.വി.കൃഷ്ണവാര്യരും ചേർന്ന് രൂപം കൊടുത്ത കേരളം ശാസ്ത്ര പരിഷത്ത്  കേരളത്തിലെ ശാസ്ത്രീയ വിദ്യാഭ്യാസത്തിനും സാമൂഹ്യ നവോത്ഥാനത്തിനും വളർച്ചയേകി. ചില രാഷ്ട്രീയ നീക്കങ്ങളിലൂടെ പരിഷത്ത് പ്രവർത്തനങ്ങൾ ഹൈജാക്ക് ചെയ്യപ്പെട്ടു. രാഷ്ട്രീയമായ താത്പര്യങ്ങൾ പിന്നീട് ശാസ്ത്ര സാഹിത്യ പരിഷത്തിനെ  കേരളത്തിന്റെ പൊതുജീവിതത്തിൽ നിന്ന് പടിയിറക്കി. കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് പി എൻ പണിക്കർ നൽകിയ സംഭാവനകൾ അവിസ്മരണീയമായതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനം വായനാദിനമായി ആചരി ക്കപ്പെടുന്നത്. 


ലോകത്താകമാനം സെപ്തംബർ 8 സാക്ഷരതാദിനം ആയി ആചരിക്കപ്പെടുന്നു. നൂറു ശതമാനം സാക്ഷരതാ കേരളം കൈവരിച്ചതോടെ നാം കൂടുതൽ അഭിമാനം കൊണ്ട്. എല്ലാം തികഞ്ഞവരായി സ്വയം പ്രദർശിപ്പിച്ചു. അത് വരെ നാം നടത്തിയ പ്രവർത്തനങ്ങളുടെ തുടർ പ്രവർത്തനങ്ങൾ നിർത്തിവച്ചു. സാക്ഷരത എന്നത് ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഉള്ള പുരോഗമനം ആണെന്നുള്ളത് നാം മറന്നു. ഔപചാരികമായും അനൗപചാരികമായും നാം വിദ്യാഭ്യാസ രംഗത്തു താണ നിലവാരത്തിലേക്ക് കൂപ്പു കുത്തി. 


സാങ്കേതികമായ ഒരു ബഹുമതി മാത്രമായി കേരളത്തിന്റെ സമ്പൂർണ സാക്ഷരത ചുരുങ്ങി. നൂറു ശതമാനം സാക്ഷരത നേടിയ ഒരു സംസ്ഥാനത്തു അഴിമതിയും കുറ്റകൃത്യങ്ങളും ഇത്ര വർധിവാൻ പാടുണ്ടോ? സ്ത്രീകളോടുള്ള മനോഭാവം ഇങ്ങനെ ആയിരിക്കണമോ? വിദ്യാഭ്യാസം ഇത്ര മാത്രം അപഹാസ്യമായിത്തതീരണമോ? രാഷ്ട്രീയം ഇത്രയ്ക്കു രക്തരൂഷിതമാകുമോ?  കൃഷിയിടങ്ങൾ തരിശിടാൻ നൂറു ശതതമാനം സാക്ഷരമായ ഒരു പ്രദേശത്തിന് കഴിയുമോ?

തീർത്തു പറയാം. നമ്മൾ നൂറു ശതമാനം സാക്ഷരർ അല്ല. അതൊരു മിഥ്യാഭിമാനം മാത്രം ആണ്.   എഴുത്തും വായനയും അറിഞ്ഞു കൂടാത്ത എത്രയോ പേരെ, അതും നസമ്പൂർണ്ണസാക്ഷരതാ സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ജനിച്ച എത്രയെങ്കിലും പേര് നിരക്ഷരൻ ആയി ജീവിക്കുന്നത് ഓരോ പഞ്ചായത്തിലും കാണുവാൻ കഴിയു.  

സാക്ഷരതയുടെ യഥാർത്ഥ ലക്ഷ്യങ്ങളെ നാം മറക്കുന്നു. ഗന്ധിയാണ് രാമചന്ദ്രൻ പണിക്കർ വിപ്ലവം എന്ന് വിശേഷിപ്പിച്ചവരിൽ പി എൻ പണിക്കർ പൊതുജന സേവന രംഗത്തു പ്രത്യേകിച്ചും ഗ്രന്ഥശാല പ്രസ്ഥാനത്തിലൂടെയും സാക്ഷരതാ പ്രവർത്തനത്തിലൂടെയും ആണ് കേരളീയ സമൂഹത്തെ മാറ്റി മരിച്ചത്. പക്ഷെ പി. ടി ഭാസ്കരപ്പണിക്കർ ആകട്ടെ രാഷ്ട്രീയ-ഭരണ-വിദ്യാഭ്യാസ രംഗങ്ങളിൽ വിപുലമായ പ്രവർത്തനം നടത്തി. കേരള;ത്തിലെ വിജ്ഞാന വിപ്ലവം സൃഷ്ടിച്ചവരിൽ പ്രമുഖൻ ആണ് അദ്ദേഹം. 

തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഈ എം എസ് നമ്പൂതിരിപ്പാട് ആണെന്നാണ് നാം ധരിച്ചിരിക്കുന്നത്. എന്നാൽ അതല്ല സത്യം- പി ടി ഭാസ്കര പണിക്കർ  ആണ് തെരെഞ്ഞെടുപ്പിലൂടെ  ആദ്യം അധികാരത്തിൽ വന്ന  കമ്മ്യൂണിസ്റ്. കേരളസംസ്ഥാന രൂപീകരണത്തിനും രണ്ടു  വർഷം  മുമ്പ് 1954  ൽ രൂപവത്കൃതമായ മലബാർ ഡിസ്ട്രിക്ട് ബോർഡിലേക്കു നടന്ന തെരെഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സ്ഥാനാർത്ഥികൾ ആണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്. പക്ഷെ കമ്യൂണിസ്റ്റു പാർട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ഇല്ല. മറ്റെല്ലാ പാർട്ടിയുമായും സമവായം ഉണ്ടാക്കിക്കൊണ്ടു പി ടി ഭാസ്കരപ്പണിക്കാരുടെ നേതൃത്വത്തിൽ മലബാർഡിസ്ട്രിക്ട്  ബോർഡ് രൂപീകരിക്കപ്പെട്ടു. 

തന്റെ അധീനതയിലുള്ള മലബാർ ജില്ലയിൽ ( പാലക്കാട് മുതൽ മംഗലാപുരം വരെ മലബാർ ജില്ലാ ആയിരുന്നു)   വിദ്യാഭ്യാസവിപ്ലവത്തിനു പി റ്റി ഭാസ്ക്കരപ്പണിക്കർ തുടക്കമിട്ടു. പഠിപ്പുള്ള ചെറുപ്പക്കാരെ ഗ്രാമങ്ങളിൽ ഏകാധ്യാപക വിദ്യാലയങ്ങൾ സ്ഥാപിച്ചു കുട്ടികളെ പഠിപ്പിക്കുവാൻ പ്രേരിപ്പിച്ചു. അങ്ങനെ മലബാർ ഇസ്ട്രിക്ട് ബോർഡിന്റെ കീഴിലുള്ള തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയത്തിലാണ് ഓ വി വിജയൻറെ പെങ്ങൾ ഓ വി ശാന്തയ്ക്കു ആദ്യമായി ജോലി കിട്ടിയത്. പെങ്ങളെ സന്ദർശിക്കാൻ തസ്രാക്ക്  എന്ന ഗ്രാമത്തിൽ എത്തിയ ഓ വി വിജയൻ അവിടുന്ന് പ്രചോദനം ഉൾക്കൊണ്ടെഴുതിയ കൃതിയാണ് മലയാളിയുടെ വായനാസംസ്കാരത്തെ  മാറ്റി മറി ച്ച 'ഖസാക്കിന്റെ ഇതി ഹാസം' എന്ന നോവൽ. 

ഇന്നത്തെ കേരളത്തിന്റെ പകുതി വരുന്ന അന്നത്തെ മലബാർ ജില്ലയുടെ ഭരണാധികാരിയായിരുന്ന പി ടി ഭാസ്കരപ്പണിക്കർ കേരളപ്പിറവിക്ക്‌ ശേഷം 1957  ലെ ആദ്യത്തെ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയി സേവനം അനുഷ്ടിച്ചു എന്നത് അദ്ദേഹത്തിന്റെ എളിമയുടെ തെളിവാണ്. ആദ്യമന്ത്രിസഭയുടെ വിദ്യാഭ്യാസബില്ലിന്റെ കരട് രൂപം തയ്യാറാക്കിയത് അദ്ദേഹം  ആയിരുന്നു.  


പിൽക്കാലത്ത് ശാസ്ത്ര സാഹിത്യ പരിഷത് രൂപീകരിക്കാൻ മുൻ കയ്യെടുത്തതും കേരളത്തിൽ ശാസ്ത്ര സാഹിത്യം വിപുലമായി പ്രചരിപ്പിച്ചു ജനകീയമാക്കിയതും പി ടി ഭാസ്കരപ്പണിക്കർ ആണ്. പൊതുജനവിദ്യാഭാസത്തിനു വേണ്ടി അദ്ദേഹം എഴുതിയ നൂറു കണക്കിന്  പുസ്തകങ്ങൾ ഉണ്ട്. കൊതുകു മുതൽ കോസ്മിക് സയൻസ് വരെ അദ്ദേശത്തിന്റെ വിഷയങ്ങൾ ആയി. കേരളത്തിൽ പൊതുജന വിദ്യാഭ്യാസത്തിനു അടിത്തറയിട്ടത് പി ടി ഭാസ്കരപ്പണിക്കർ ആണ് . കേരളത്തിലെ ലക്ഷണമൊത്ത വിജ്ഞാനകോശങ്ങയുടെ തലതൊട്ടപ്പനും അദ്ദേഹമാണ്. കേരളത്തിലെ വിജ്ഞാന സാഹിത്യത്തിന്റെ വളർച്ചയിൽ അദ്ദേഹത്തിന്റെ പങ്ക് സുപ്രധാനമാണ്. എല്ലാ അർത്ഥത്തിലും ആധുനിക കേരളത്തിന്റെ എഴുത്തച്ഛൻ പി ടി ബി എന്ന് അടുപ്പം ഉള്ളവർ വിളിച്ചിരുന്ന  പി ടി ഭാസ്കരപ്പണിക്കർ എന്ന അതികായൻ ആണ്.  അദ്ദേഹത്തിന്റെ സംഭാവനകളെ സൗകര്യപൂർവം മറക്കുന്ന ഭരണകൂടങ്ങളും സർവ്വകലാശാലകളും എന്നെങ്കിലും ഈ ധിഷണാശാലിയായ വിപ്ലവകാരിയുടെ സംഭാവനകളെ തിരിച്ചറിയുമെന്ന് പ്രത്യാശിക്കാം. 

എന്തായാലും സാക്ഷരകേരളത്തിന്റെ ചരിത്രമെഴുതുമ്പോൾ പി ടി ഭാസ്കരപ്പണിക്കരും പി എൻ പണിക്കരും ചേർന്ന് നടത്തിയ ' പണിക്കർ വിപ്ളവത്തെ' അവഗണിക്കുവാൻ ആവില്ല. ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഇവർ നടത്തിയതിനു   തുല്യമായി ആധുനിക കേരളത്തിൽ മറ്റാരും പ്രവർത്തിച്ചിട്ടില്ല. ചരിത്രത്തിന്റെ നാൾവഴികൾ സൂക്ഷ്മമായി പരിശോധിച്ചാൽ ഇത് വ്യക്തമാവും. 

post by s.salim kumar. 
kurumpakara

Comments

Popular posts from this blog

പി ടി ഭാസ്കരപ്പണിക്കരെ ഓർക്കുമ്പോൾ

കർണാടകത്തിൽ കരിമ്പുരാഷ്ട്രീയം കയ്ക്കുന്നു.

പുകയില ഉപയോഗം : ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണകാരണം