കുടിപ്പള്ളിക്കൂടങ്ങൾ

 

വിജയദശമി നാൾ വിദ്യാരംഭം നടത്തുന്ന പതിവ് കേരളത്തിൽപുരാതന കാലം മുതൽ നില നിൽക്കുന്നു. ഇത് എന്നാണു ആരംഭിച്ചതിന്നുള്ളതിനു കൃത്യമായ തെളിവുകൾ ഇല്ല. പക്ഷെ ജാതിമത ഭേദമെന്യേ വിജയദശമിനാൾ കുട്ടികളെ എഴുത്തിനിരുത്തുന്ന പതിവ് കേരളത്തിൽ വ്യാപകമായിരുന്നു. പിൽക്കാലത്ത് ഇത് ഹിന്ദുക്കൾ ഒഴികെയുള്ള മത വിഭാഗങ്ങൾ അവരുടേതായ രീതിയിൽ നടത്തുവാൻ തുടങ്ങി. അക്ഷരവിദ്യ  വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമായി മാറിയ കാലത്തായിരിക്കണം എഴുത്തിനിരുത്ത് ഒരു പ്രത്യേക ആചാരമായത് .

ദുർഗ്ഗാഷ്ടമി നാൾ പുസ്തകവും പഠനവുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളും പൂജയ്ക്കു വയ്ക്കുന്നു. തൊഴിൽശാലകളിലും മറ്റും യന്ത്രങ്ങൾ ഉൾപ്പെടയുള്ള പണിയായുധങ്ങൾ പൂജക്കുവയ്ക്കുന്നു. വിജയശശമിനാൾ  ആണ് 'പൂജയെടുപ്പും വിദ്യാരംവും  നടത്തുക. വിദ്യാദേവതയായ സരസ്വതിയെയെ  ഈ ദിവസം പ്രത്യേകം പൂജിക്കുന്നു. ദേവീസങ്കൽപ്പത്തിലെ  ഒമ്പതു ദേവതകളെയാണ്  (ദേവിയുടെ നവാവതാരങ്ങൾ) നവരാത്രിയുടെ ഒമ്പതു ദിവസങ്ങളിലുമായി പൂജിക്കുന്നത്.  പണിശാലകളിലും വ്യാപാരസ്ഥാപനങ്ങളിലും ലക്ഷ്മിയെയാണ് പൂജിക്കുന്നത്.  

കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും മറ്റിടങ്ങളിലും കുടുംബങ്ങളിലും പരമ്പരാഗതമായി  എഴുത്തിനിരുത്തു  നടത്താറുണ്ട്. കുട്ടികൾക്കു അഞ്ചു വയസ്സ് കഴിഞ്ഞാൽ എഴുത്തിനിരുത്തും. ഓരോ നാട്ടിൻപുറത്തും എഴുത്താശാന്മാർ ഉണ്ടാവും. അവരുടെ വീടിനോടു ചേർന്ന് തന്നെയാവും കുടിപ്പള്ളിക്കൂടം,  ഓലപ്പള്ളിക്കൂടം, ആശാമ്പള്ളി, എന്നൊക്കെ അറിയപ്പെട്ടിരുന്ന ആശാൻപള്ളിക്കൂടങ്ങൾ ഉണ്ടാവുക. ആശാന് ദക്ഷിണ കൊടുത്തു താലത്തിൽ വച്ച അരിയിൽ 'ഹരിശ്രീ' കുറിക്കുന്നു. തുടർന്നുള്ള നാളുകളിൽ ആശാന്റെയടുത്തു അക്ഷരമാലകൾ  മൊത്തംപഠിച്ചു  സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള യോഗ്യത നേടുന്നു. കേരളത്തിൽ പ്രീ പ്രൈമറി വിദ്യാഭ്യാസം ഇന്നത്തെ രീതിയിൽ വരുന്നതിനു മുമ്പ് നിലവിൽ ഉണ്ടായിരുന്ന 'പ്രീ പ്രൈമറി' വിദ്യാഭ്യാസം ആശാൻ പള്ളിക്കൂടത്തിൽ ആണു  നടത്തിയിരുന്നത്. ആശാൻ പള്ളിക്കൂടത്തിൽ പഠിച്ചതിനു ശേഷം ഒന്നാം ക്‌ളാസിൽ ചേരുന്ന കുട്ടികൾ എഴുത്തും വായനയും എളുപ്പം ഹൃദിസ്ഥമാക്കിയിരുന്നു. കാരണം ആശാൻപള്ളിക്കൂടത്തിലെ പഠനത്തോടെ അക്ഷരങ്ങൾ ഉറച്ചു കഴിയുന്നതു  കൊണ്ട് മുന്നോട്ടുള്ള പഠനം അനായാസമായിരുന്നു. 

ജൈന -ബൗദ്ധ പാരമ്പര്യം ഉള്ളവർ അക്ഷര വിദ്യാഭ്യാസത്തെ 'നാനം മോനം'   എന്നാണു പറഞ്ഞിരുന്നത്.  നമോസ്തു ജിനതേ  - നമോത്തു ചിനത -     (ബുദ്ധനെ നമിക്കുന്നു ) എന്ന വാക്യം ആണ് വിദ്യാരംഭം  നടത്തുന്നതിനു ബുദ്ധമതക്കാർ ഉപയോഗിച്ചിരുന്ന വാക്യം. 

ബുദ്ധമതത്തിന്റെ പ്രചാരം കേരളത്തിൽ ഇല്ലാതായതോടെയാണ് ഹരിശ്രീഗണപതയേ നമ: എന്ന് വിദ്യാരംഭത്തിന് പ്രയോഗിച്ചു തുടങ്ങിയതെന്ന് ചരിത്രകാരൻമാർ പറയുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ബുദ്ധമതത്തിനു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. സാധാരണക്കാരുടെ വിദ്യാഭാസത്തിനു ഇത് ഏറെ പ്രയോജനകരമായി. കേരളത്തിലെ ഗ്രാമങ്ങൾ തോറും ഉണ്ടായിരുന്ന കുടിപ്പള്ളിക്കൂടങ്ങൾ ബുദ്ധമതത്തിന്റെ പുഷ്കലകാലം മുതലുള്ള പാരമ്പര്യമാണ്. ''നാനം,മോനം,അത്തനം,തുവനം,ചിനം,ഇന്നനം,താനം,ഉമ്മനം" എന്ന വര്‍ണ്ണമാലയിലെ ആദ്യാക്ഷരങ്ങള്‍ എഴുതിക്കൊണ്ടാണ് അന്ന് വിദ്യാരംഭം നടത്തിയിരുന്നത്. വട്ടെഴുത്ത്  എന്നും 'നാനം മോനം' അറിയപ്പെട്ടിരുന്നു.   

കുടിപ്പള്ളിക്കുടങ്ങളിലെ പഠന രീതിയെക്കുറിച്ചു ചരിത്രകാരനായ വേലായുധൻ പണിക്കശ്ശേരി (വിദ്യാഭ്യാസം പ്രാചീനകേരളത്തിൽ എന്ന ലേഖനം ) ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: " തെങ്ങോലയും അഥവാ പനയോലയും മുലയും ഉപയോഗിച്ചുള്ള തുറന്ന ഷെഡ്ഡുകളായിരിക്കും എഴുത്തുപള്ളി. തറ കളിമണ്ണോ, ചാരലോ ഉപയോഗിച്ച് നിരപ്പാക്കി ചാണകം മെഴുകി വൃത്തിയാക്കിയിരിക്കും. എഴുതി പഠിക്കുവാനായി കുട്ടിയുടെ മുന്ഭാഗത്തു പൊടിമണൽ വിരിച്ചിരിക്കും. തേങ്ങാക്കുടുക്കകളിൽ ആണ് കുട്ടികൾ മണൽ കൊണ്ട് വരിക. തേങ്ങയുടെ കണ്ണുകൾ തുളച്ചു ഉള്ളിലെ കഴമ്പെല്ലാം നീക്കം ചെയ്യും. അതിൽ പൊടിമണൽ നിറച്ച തൂക്കിപ്പിടിക്കാൻ സൗകര്യത്തിൽ ചരടുകൾ കോർത്തിരിക്കും. മണലിൽ അക്ഷരമാല എഴുതാൻ പഠിച്ചു  കഴിഞ്ഞാൽ പിന്നീട് കരിമ്പനയുടെ ഓലയിൽ ആണ് എഴുത്താണി കൊണ്ടെഴുതുക. കരിമ്പനയുടെ ഓലകൾ ഉണക്കി കൃത്യമായി മുറിച്ച തുളച്ചു ചരട് കോർത്ത് കെട്ടിയുണ്ടാക്കുന്ന ഏടുകളാണ് പുസ്തകങ്ങൾക്ക് പകരം ഉപയോഗിച്ചിരുന്നത്. ഇന്നത്തെപ്പോലെ ക്‌ളാസ് വിഭജനമോ ഡിവിഷൻ തിരിക്കുന്ന രീതിയോ അന്നുണ്ടായിരുന്നില്ല. എല്ലാവരും ഒരു മുറിയിൽ ഇരുന്നാണ് വിദ്യാഭ്യാസം നടത്തിയിരുന്നത്. പുറമെനിന്ന് ആരെടെയും ധനസഹായം കൂടാതെ  സ്വയം പര്യാപ്തമായിട്ടാണ് ഇവ പ്രാചീനകാലം മുതൽ പ്രവർത്തിച്ചിരുന്നത്. ആശാന് ദക്ഷിണയും പതിവുകളും ഓരോ വീട്ടിൽ നിന്നും കൊടുത്തിരുന്നു."

പിൽക്കാലത്തു കുട്ടികൾ ഓലയിൽ  എഴുതി പഠിക്കുന്നത് നിർത്തി. കടലാസിന്റെ വരവോടെ പേനയും പെൻസിലും ഉപയോഗിച്ചുള്ള എഴുത്തുവിദ്യ വ്യാപിച്ചതോടെയും സ്‌കൂൾ വിദ്യാഭാസത്തിൽ കടലാസ്, പെൻസിൽ, പെന എന്നിവയാണ് ഉപയോഗിക്കുന്നത് എന്നതിനാലും ഓലയുടെ ഉപയോഗം കുറഞ്ഞു. ആശാൻപള്ളിക്കൂടത്തിൽ പഠിക്കുന്ന കുട്ടികൾക്കുള്ള പാഠങ്ങൾആശാൻ ഓലയിൽ എഴുതിക്കൊടുക്കും. ഇതു  നോക്കി കുട്ടികൾ മണലിൽ എഴുതി പഠിക്കും. അക്ഷരം ഉറച്ചതിനു ശേഷം കടലാസിൽ എഴുതി പഠിക്കും. ആസാം പള്ളിക്കൂടത്തിൽ പഠനത്തിന് ശേഷം പഴയ കാലത്തു ഗുരുകുലങ്ങളിൽ ആയിരുന്ന പഠനം. വിവിധ വിഷയങ്ങളിൽഉന്നത വിദ്യാഭ്യാസം നൽകിയിരുന്ന പ്രശസ്തമായ ഗുരുകുലങ്ങൾ കേരളത്തിൽ ധാരാളം  ഉണ്ടായിരുന്നു.

മുമ്പ് ആശാന്റെയടുത്തോ ക്ഷേത്രങ്ങളിലോ  മാത്രം ആയിരുന്നു വിദ്യാരംഭം നടത്തിയിരുന്നത്. ജനസമ്പർക്കത്തിനും പ്രചാരണത്തിനും വരുമാനത്തിനും വിദ്യാരംഭം നല്ലൊരു വഴിയാണെന്ന് കണ്ട  പത്രാദി  മാധ്യമങ്ങളും, കേരളത്തിലും മറുനാട്ടിലും ഉള്ള സംഘടനകളും  അവരവരുടേതായ തലത്തിൽ വിദ്യാരംഭം ആഘോഷപൂർവം നടത്തി വരുന്നു. കേരളത്തിൽ ഇപ്പോൾ വിദ്യാരംഭത്തിന്റെ ഇത്തരം പൊതുചടങ്ങുകളിൽ ഏറെയും എഴുത്തിനിരുത്തൽ നടത്തുന്നത് പ്രമുഖ സാഹിത്യകാരന്മാർ ആണ്. ഇതൊരു ഹിന്ദു മതാചാരം ആയി മാറിയെന്നതിനാൽ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാത്ത വിവിധ രാഷ്ട്രീയ നേതാക്കളും സാഹിത്യകാരന്മാരും പൊതുപ്രവർത്തകരും ഉണ്ട്. 

തുഞ്ചൻ പറമ്പ്, തിരൂർ(മലപ്പുറം ജില്ല), ആറ്റുകാൽ ഭഗവതി ക്ഷേത്രം (തിരുവനന്തപുരം), പനച്ചിക്കാട് സരസ്വതി ക്ഷേത്രം (കോട്ടയം), മൂകാംബിക സരസ്വതി ക്ഷേത്രം (വടക്കൻ പറവൂർ),  എഴുകോൺ മൂകാംബിക ക്ഷേത്രം (കൊല്ലം), തിരുവുള്ളക്കാവ് ശ്രീ ധർമശാസ്ത ക്ഷേത്രം (തൃശ്ശൂർ), ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം,  ചോറ്റാനിക്കര ദേവി ക്ഷേത്രം, ത്രിക്കാവ് ശ്രീദുർഗ്ഗാ ക്ഷേത്രം പൊന്നാനി, ആവണംകോട് സരസ്വതി ക്ഷേത്രം (ആലുവയ്ക്ക് സമീപം) മുതലായവയാണ്‌ കേരളത്തിൽ വിദ്യാരംഭം വലിയ ആഘോഷത്തോടെ പരമ്പരാഗതമായി നടത്തപ്പെടുന്നത്. കർണാടകയിൽ കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലെ ഏറ്റവും പ്രധാന ഉത്സവമാണ് വിദ്യാരംഭം. കേരളത്തിലെ ഓർത്തഡോക്സ് ക്രിസ്ത്യൻ പള്ളികളിൽ പുരാതനകാലം മുതൽ തന്നെ വിജയദശമിനാൾ ആഘോഷപൂർവം വിദ്യാരംഭം നടത്താറുണ്ട്. 

ഇപ്പോൾ കേരളത്തിൽ അപൂർവമായി കുടിപ്പള്ളിക്കൂടങ്ങൾ ഉണ്ട്.  പഴയ ചില എഴുത്താശാന്മാരുടെ പരമ്പരയിൽ പെട്ടവർ  ആണ് ഇവയുടെ നടത്തിപ്പുകാർ. കുട്ടികളെ മണലിൽ ഏഴുതി  പഠിപ്പിക്കുകയും അവർക്കുള്ള പാഠങ്ങൾ ഓലയിൽ എഴുതിക്കൊടുക്കുകയും ചെയ്യുന്ന ഈ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ അക്ഷരങ്ങളും  ഉച്ചാരണവും കൃത്യമായി  പഠിച്ചുറപ്പിക്കുന്നതുകൊണ്ടു അവർക്കു പിൽക്കാലത്ത് ഏതു ഭാഷയും അനായാസം കൈകാര്യം ചെയ്യുവാനും പഠനമികവ് കാട്ടുവാനും കഴിയുന്നു.  കുടിപ്പള്ളിക്കൂടങ്ങൾ ഇല്ലാതാവുകയും പ്രീ പ്രൈമറി വിദ്യാഭ്യാസം എന്ന പേരിൽ മാതൃഭാഷയെ (അഥവാ കുട്ടികൾ സംസാരിക്കുന്ന ഭാഷയെ) പൂർണമായും അവഗണിച്ചും കൊണ്ടുള്ള  വിദ്യാഭ്യാസം ആണ് കുട്ടികളെ മാതൃഭാഷയിൽനിന്നും അകറ്റുന്നത്. അതിനാൽ  ഹൈസ്‌കൂൾ കുട്ടികൾക്ക് പോലും മാതൃഭാഷ ശരിയായി എഴുതാനും വായിക്കാനും  അറിയില്ല. അങ്ങനെയുള്ള കുട്ടികൾക്ക് മൗലികമായ കഴിവുകൾ വളർത്തിയെടുക്കുവാൻ കഴിയില്ല. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഉറച്ച അടിത്തറ നൽകിയിരുന്ന ആശാൻപള്ളിക്കൂടങ്ങൾ മലയാളികളുടെ വലിയൊരു ഗൃഹാതുരത ആണ്. 

post by s.salimkumar



 

Comments

Popular posts from this blog

പി ടി ഭാസ്കരപ്പണിക്കരെ ഓർക്കുമ്പോൾ

പുകയില ഉപയോഗം : ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണകാരണം

Poem by S.Salim Kumar Kurumpakara